സുദേവിന്റെ ജീവൻ നിലനിറുത്താൻ വേണം 50ലക്ഷം

Tuesday 14 February 2023 12:28 AM IST
ചികിത്സിയിൽ കഴിയുന്ന സുദേവ്

ആലപ്പുഴ : ശ്വാസകോശരോഗ ബാധിതനായ 51കാരൻ ചികിത്സയ്ക്കായി കാരുണ്യമതികളുടെ സഹായം തേടുന്നു. താമല്ലാക്കൽ വടക്ക് കാട്ടിൽ മാർക്കറ്റ് പീടികച്ചിറ വീട്ടിൽ വിശ്വംഭരൻ - ലളിത ദമ്പതികളുടെ മകൻ സുദേവാണ് ചികിത്സയിലുള്ളത്. ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സക്കുമായി 50ലക്ഷം രൂപയാണ് വേണ്ടത് .

തിരുവനന്തപുരത്ത് ക്ഷേത്രത്തിൽ പൂജാരിയായിരുന്ന സുദേവിന് പനിയെ തുടർന്ന് രണ്ടര മാസംമുമ്പ് ശ്വാസംമുട്ടൽ ഉണ്ടായി. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും രോഗം കുറയാതെ വന്നതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ശ്വാസകോശം ചുരുങ്ങിയതായി കണ്ടെത്തി. അടിയന്തര സർജറി വേണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചു. തുടർന്ന് ഹൈദരാബാദിലെ യശോദ ആശുപത്രിയിൽ ചികിത്സ ആരംഭിച്ചു. സർജറിക്ക് മാത്രം 35ലക്ഷവും തുടർ ചികിത്സയ്ക്ക് 15ലക്ഷവും വേണമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. ഓക്സിജന്റെ സഹായത്തോടെയാണ് ഇപ്പോൾ ജീവൻ നിലനിറുത്തുന്നത്.

സുദേവിന് ജോലിക്ക് പോകാനാകാതെ വന്നതോടെ കുടുംബവും സാമ്പത്തിക പ്രതിസന്ധിയിലായി. രോഗബാധിതരായ മാതാപിതാക്കളുടെ പെൻഷൻ തുകയും ബന്ധുക്കളും സുഹൃത്തുകളും നൽകിയ ചെറിയ സഹായങ്ങളുമാണ് ഇതുവരെയുള്ള ചികിത്സയ്ക്ക് ഉപയോഗിച്ചിരുന്നത്. ഇപ്പോൾ ഒരുദിവസത്തേക്കുള്ള മരുന്നിന് 5000 രൂപയിലേറെ വേണം.

അജിതയാണ് ഭാര്യ. രണ്ട് പെൺമക്കളിൽ ഒരാളെ വിവാഹം കഴിച്ചു വിട്ടു. ഇളയ മകൾ ഐശ്വര്യദേവ് പത്താംക്ളാസിൽ പഠിക്കുന്നു. സുദേവിന്റെ മാതാവ് ലളിതയുടെ പേരിൽ കരുവാറ്റ ഫെഡറൽബാങ്ക് ശാഖയിൽ 18690100069705 എന്ന നമ്പരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഐ.എഫ്.എസ്.സി : FDRL0001869. ഫോൺ: 9288110208.

Advertisement
Advertisement