ഒഴിവായത് വൻദുരന്തം

Tuesday 14 February 2023 12:28 AM IST

കോട്ടയം: 'വലിയ പൊട്ടിത്തെറി ശബ്ദം. ഞെട്ടിത്തിരിഞ്ഞ് നോക്കിയപ്പോൾ തീ ആളിപടരുന്നു. ഒപ്പം കറുത്ത പുകയും ഉയർന്നു. ഭയന്നുപോയി. പലരും രോ​ഗികളെ എടുത്ത് സുരക്ഷിത സ്ഥലത്തേക്ക് ഓടുകയായിരുന്നു'' മെഡിക്കൽ കോളേജ് വാർഡ് മൂന്നിൽ ചികിത്സയിൽ കഴിയുന്ന പിതാവിനെ നോക്കാനെത്തിയ ​ഗിരീഷി​ന്റെ വാക്കുകളാണിത്. ഇന്നലെ ഉച്ചയോടെ മെഡിക്കൽ കോളേജിൽ നിർമ്മാണത്തിലിരുന്ന സൂപ്പർ സ്പെഷ്യാലിറ്റി സർജിക്കൽ ബ്ലോക്കിലുണ്ടായ തീപിടിത്തത്തിൽ ദുരന്തമൊഴിവായത് ഭാഗ്യംകൊണ്ട് മാത്രം.
ഉച്ചസമയമായതിനാൽ ഇവിടെ ധാരാളം ആളുമുണ്ടായിരുന്നു. സമീപത്തെ വാർഡുകളിലെ രോ​ഗികളും കൂട്ടിരിപ്പുകാരും നഴ്സുമാരും ഭയന്നു നിലവിളിച്ചു. മെഡിക്കൽ കോളേജ് അധികൃതരുടെയും ജീവനക്കാരുടെയും സമയോചിത ഇടപെടലാണ് തുണച്ചത്. നിരവധി രോ​ഗികളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റാരുമായി.

സമീപത്ത് ക്ലാസ് നടക്കുകയായിരുന്ന കെട്ടിത്തിൽ നിന്ന് വിദ്യാർത്ഥികളെയും ഒഴിപ്പിച്ചു. കനത്ത പുക ഉയർന്നതിന് പിന്നാലെ ഡയാലിസിസ്, നെഫ്രോളജി യൂണിറ്റ്, വാർഡ് 3 പുരുഷന്മാരുടെ വിഭാ​ഗം മെഡിസിൻ, വാർഡ് 4 സൈക്കാട്രി എന്നിവിടങ്ങളിൽ നിന്നായി അറുപതിലേറെ രോഗികളെയും കൂട്ടിരിപ്പുകാരേയും മാറ്റി. ഈ വാർഡുകളിലേക്ക് പുക എത്താതിരുന്നതും ആശ്വാസമായി. ഗ്യാസ് കുറ്റിപൊട്ടിത്തെറിച്ചത് കെട്ടിടത്തിനകത്തായതും തുണച്ചു.

'നിർമ്മാണം നടന്ന കെട്ടിടത്തിലാണ് തീ പടർന്നത്. പുക ഉയർന്നതോടെ സമീപമുണ്ടായിരുന്ന വാർഡുകളിൽ നിന്ന് രോ​ഗികളെ അടിയന്തരമായി മാറ്റാൻ സാധിച്ചു. ആളപായമില്ല".

- ഡോ. വർ​ഗീസ് പി. പുന്നൂസ്, മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ

Advertisement
Advertisement