പുകയിൽ വിറങ്ങലിച്ച് മെഡിക്കൽ കോളേജ്
കോട്ടയം: ഏഴുനിലക്കെട്ടിത്തെ തീ വീഴുങ്ങിത്തുടങ്ങിയപ്പോൾ തന്നെ മെഡിക്കൽ കോളേജ് ആശുപത്രി പരിസരം യുദ്ധസമാനമായ അന്തരീക്ഷത്തിന് വഴിമാറിയിരുന്നു. ആളുന്ന തീയിൽ സർവതും കറുത്ത പുകയിലമർന്നു. ഞൊടിയിടയിൽ 10 യൂണിറ്റ് ഫയർഫോഴ്സാണ് ആശുപത്രി പരിസരത്തേക്ക് പാഞ്ഞടുത്തത്.
എ.സി ഘടിപ്പിക്കുന്നതിന്റെ ഭാഗമായി കെട്ടിടത്തിൽ ഇലക്ട്രിക്കൽ, വെൽഡിംഗ് ജോലികൾ പുരോഗമിക്കുകയായിരുന്നു. ഇവിടെ നിന്ന് തീ പടർന്നുവെന്നാണ് പ്രാഥമിക വിവരം. സ്‌പോഞ്ച്, വയറുകൾ, പശ തുടങ്ങിയവയ്ക്ക് തീ പിടിച്ചതോടെ കനത്ത പുകയും ഉയർന്നു. നാലു നിലകളിലേക്ക് തീപടർന്നു. കെട്ടിടത്തിൽ 360 ജോലിക്കാരാണുണ്ടായിരുന്നത്. തീപിടിച്ച ഒന്നാം നിലയിൽ മാത്രം 25 പേർ ഉണ്ടായിരുന്നു.
കോട്ടയം ഫയർ സ്റ്റേഷനിൽ 12.53നാണ് വിവരമെത്തുന്നത്. കോട്ടയത്തുനിന്ന് മൂന്ന് യൂണിറ്റ്, ചങ്ങനാശേരി -1, പാലാ-1, പാമ്പാടി-1, കടുത്തുരുത്തി -2, വൈക്കം -2 എന്നിങ്ങനെ അഗ്നിരക്ഷാ യൂണിറ്റുകൾ ഓടിയെത്തി. ഒരു മണിക്കൂറത്തെ കഠിന പ്രയത്നത്തിനൊടുവിലാണ് തീയും പുകയും ശമിച്ചത്.
ഒന്നാം നിലയിലെ തീയാണ് ആദ്യം അണച്ചത്. കനത്ത പുക വെല്ലുവിളിയായെങ്കിലും ഉദ്യോഗസ്ഥരുടെ മനകരുത്തിൽ എല്ലാം കെട്ടടങ്ങി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ പഞ്ചായത്തംഗം റോസമ്മ സോണി, കോട്ടയം തഹസിൽദാർ അനിൽകുമാർ തുടങ്ങിയവർ സ്ഥലത്തെത്തി. സംഭവത്തെതുടർന്ന് നിർമ്മാണം താത്കാലികമായി നിറുത്തി വെച്ചതായി മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ് പറഞ്ഞു.
തീപിടിത്തം തുടർക്കഥ മെഡിക്കൽ കോളേജിൽ തീപിടിത്തം തുടർക്കഥയാകുമ്പോഴും ഫയർ സ്റ്റേഷൻ സജ്ജമാക്കാൻ അധികാരികൾക്ക് സാധിച്ചിട്ടില്ല. ഏറ്റുമാനൂരിലും ഫയർ സ്റ്റേഷനില്ലാത്തത് വലിയ വെല്ലുവിളിയാണ്. അപകടമുണ്ടായാൽ കോട്ടയത്തു നിന്ന് വേണം അഗ്നിരക്ഷാ യൂണിറ്റുകളെത്താൻ. ജനുവരി അവസാനം ഗൈനക്കോളജി വിഭാഗത്തിലെ ലക്ചർ ഹാളിലും തീപിടിച്ചിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെയും ലിഫ്റ്റ് ഓപ്പറേറ്ററുടെയും അവസരോചിതമായ ഇടപെടലാണ് അന്ന് രക്ഷിച്ചത്. ദിവസേന ആയിരക്കണക്കിന് രോഗികളെത്തുന്ന മെഡിക്കൽ കോളേജിൽ അടിയന്തര സാഹചര്യം കൈകാര്യം ചെയ്യാനായി ഫയർ യൂണിറ്റ് വേണമെന്ന ആവശ്യം ശക്തമാകുകയാണ്.