വിദ്യാർത്ഥികളുടെ വിനോദയാത്രയ്ക്ക് മുമ്പ് ടൂറിസ്റ്റ് ബസുകളിൽ കർശന പരിശോധന

Tuesday 14 February 2023 1:35 AM IST

ആലപ്പുഴ : വടക്കാഞ്ചേരി സ്കൂൾ ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ രൂപഭാവങ്ങളിലടക്കം അടിമുടി മാറ്റം വരുത്തിയ ടൂറിസ്റ്റ് ബസുകൾക്ക് , വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിനോദയാത്രക്കാലം ആരംഭിച്ചതോടെ വീണ്ടും ബുക്കിംഗുകൾ ലഭിച്ചു തുടങ്ങി. എന്നാൽ, ഓരോ യാത്രയ്ക്ക് മുമ്പും ബസുകൾ കർശന പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.

യാത്രയ്ക്ക് മുന്നോടിയായി ആർ.ടി.ഒയിൽ നിന്ന് അനുമതി വാങ്ങണം. യാത്രയുടെ മുഴുവൻ വിശദാംശങ്ങളുൾപ്പെടുന്ന അപേക്ഷ വിദ്യാഭ്യാസ സ്ഥാപന അധികൃതരാണ് സമർപ്പിക്കേണ്ടത്. ജോയിന്റ് ആർ.ടി.ഒയുടെ നിർദ്ദേശപ്രകാരം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ വാഹനം പരിശോധിക്കും. തുടർന്ന് ലഭിക്കുന്ന ഇൻസ്പെക്ഷൻ സർട്ടിഫിക്കറ്റുമായി മാത്രമേ വാഹനത്തിന് യാത്ര നടത്താൻ സാധിക്കൂ.

നിരവധി വിദ്യാലയങ്ങളിൽ നിന്ന് തുടർച്ചയായ ദിവസങ്ങളിൽ ബുക്കിംഗ് ലഭിക്കുന്നതിനാൽ അടിക്കടി പരിശോധനയ്ക്ക് ഹാജരാക്കേണ്ടി വരുന്നത് തൊഴിൽ, സാമ്പത്തിക നഷ്ടം വരുത്തുന്നുണ്ടെന്നാണ് ബസ് ഉടമകളുടെ പരാതി. യാത്രയ്ക്ക് ഏഴ് ദിവസം മുമ്പ് മുതൽ സംസ്ഥാനത്തെ ഏത് മോട്ടോർ വാഹന വകുപ്പ് ഓഫീസിലും വാഹനം പരിശോധനയ്ക്ക് വിധേയമാക്കാം. ഒരു തവണ അനുമതി ലഭിച്ചാലും അടുത്ത തവണ മുട്ടാപ്പോക്ക് ന്യായങ്ങളുടെ പേരിൽ അനുമതി നിഷേധിക്കുന്ന സാഹചര്യവുമുണ്ടെന്ന് വാഹനഉടമകൾക്ക് പരാതിയുണ്ട്. അതിനാൽ വിദ്യാലയങ്ങൾ ആവശ്യപ്പെടുന്ന അതേ ദിവസം ട്രിപ്പ് ഉറപ്പുപറയാറില്ലെന്നും ജീവനക്കാർ പറയുന്നു.

സ്‌കൂൾ ബസുകളിലും പരിശോധന

സ്‌കൂൾ ബസുകൾ അപകടത്തിൽപ്പെടുന്നത് പതിവായതോടെ 'സേഫ് സ്‌കൂൾ ബസ്' എന്ന പേരിൽ മോട്ടോർ വാഹന വകുപ്പ് സംസ്ഥാനത്ത് സുരക്ഷാപരിശോധന ശക്തമാക്കി. ഇന്നലെ മുതൽ ആരംഭിച്ച പരിശോധന വെള്ളിയാഴ്ച വരെ നീളും. ഒട്ടേറെ സ്‌കൂൾ ബസുകൾ അറ്റകുറ്റപ്പണി നടത്താതെ കുട്ടികളെ കൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടി. ബസുകളുടെ ഫിറ്റ്നെസ് പരിശോധന സ്‌കൂൾ തുറക്കുന്നതിനു മുന്നോടിയായി നടത്തിയിരുന്നു. സുരക്ഷാസംവിധാനങ്ങൾ ഇല്ലാത്ത ബസുകൾക്കെതിരെ നടപടിയെടുക്കും. ഫിറ്റ്നെസ് പരിശോധനയ്ക്കു വരുമ്പോൾ മാത്രം ബസുകളിൽ സുരക്ഷാസംവിധാനങ്ങളും പുതിയ ടയറുകളും ഉപയോഗിക്കുകയും പിന്നീട് അവ മാറ്റുന്നതും ശ്രദ്ധയിൽപ്പെട്ടതായി മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. അഗ്‌നിരക്ഷാ ഉപകരണങ്ങൾ വേണമെന്ന നിബന്ധനപോലും ചില വാഹനങ്ങൾ പാലിക്കുന്നില്ല.

ഇപ്പോൾ സ്കൂൾ - കോളേജുകളിലെ വിനോദയാത്രയുടെ സീസണാണ്. ഓരോ ട്രിപ്പിനും മുന്നോടിയായുള്ള പരിശോധന മൂലം പകുതിയോളം ബുക്കിംഗുകൾ നഷ്ടപ്പെടുന്നുണ്ട്. എല്ലാദിവസവും ആർ.ടി.ഒ ഓഫീസിൽ കയറിയിറങ്ങേണ്ട അവസ്ഥയാണ്

- ടൂറിസ്റ്റ് ബസ് ജീവനക്കാർ

ഓരോ യാത്രയ്ക്ക് മുന്നോടിയായും പരിശോധന നടത്തി ഇൻസ്പെക്ഷൻ സർട്ടിഫിക്കറ്റ് വാങ്ങിയിരിക്കണം. യാത്രയുടെ പൂർണവിവരങ്ങൾ രേഖപ്പെടുത്തി വിദ്യാഭ്യാസ സ്ഥാപന അധികൃതരാണ് അപേക്ഷ നൽകേണ്ടത്

- മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ

Advertisement
Advertisement