തമിഴ്പുലി പ്രഭാകരൻ മരിച്ചിട്ടില്ല!, വെളിപ്പെടുത്തലുമായി നെടുമാരൻ

Tuesday 14 February 2023 12:04 AM IST

ചെന്നൈ: 2009ൽ ശ്രീലങ്കൻ സേന കൊലപ്പെടുത്തിയെന്ന് ലോകം വിശ്വസിക്കുന്ന എൽ.ടി.ടി.ഇ നേതാവ് വേലുപ്പിള്ള പ്രഭാകരൻ ജീവനോടെയുണ്ടെന്ന വെളിപ്പെടുത്തലുമായി തമിഴ് നാഷണലിസ്റ്റ് മൂവ്മെന്റ് നേതാവ് നെടുമാരൻ.

പ്രഭാകരൻ പൂർണ ആരോഗ്യവാനാണെന്നും ഉടൻ പൊതുരംഗത്ത് പ്രത്യക്ഷപ്പെടുമെന്നും നെടുമാരൻ പറഞ്ഞു. പ്രഭാകരന്റെ അറിവോടുകൂടിയാണ് ഇപ്പോൾ വെളിപ്പെടുത്തൽ നടത്തുന്നത്. സിംഹള പ്രക്ഷോഭത്തെത്തുടർന്ന് രാജപക്സെ സർക്കാരിന് സംഭവിച്ച പതനവും ചില അന്താരാഷ്ട്ര സാഹചര്യങ്ങളും പ്രഭാകരന് തിരിച്ചുവരാനുള്ള അനുകൂല അന്തരീക്ഷമാണെന്നും നെടുമാരൻ തഞ്ചാവൂരിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.

പ്രഭാകരന്റെ കുടുംബത്തിന്റെ അനുമതിയോടെയാണ് വിവരം പുറത്തുവിടുന്നത്. കുടുംബം പ്രഭാകരനുമായി നിരന്തരം ബന്ധം പുലർത്തുന്നു. എന്നാൽ പ്രഭാകരൻ എവിടെയാണ് താമസിക്കുന്നതെന്ന് വ്യക്തമാക്കാൻ കഴിയില്ല. സമയമാകുമ്പോൾ പ്രഭാകരൻ തന്നെ എല്ലാം വിശദമാക്കുമെന്നും നെടുമാരൻ പറഞ്ഞു.

അതിനിടെ, പ്രഭാകരന്റെ മൃതദേഹം ശ്രീലങ്കൻ സർക്കാർ സ്ഥിരീകരിച്ചിട്ടില്ലെന്ന വാദവുമായി മുൻ എം.പി ശിവാജി ലിംഗവും രംഗത്തെത്തി. ജീവിച്ചിരിപ്പുണ്ടെന്ന അറിവ് ലോകമെമ്പാടുമുള്ള തമിഴർക്ക് സന്തോഷം നല്കുന്നതാണെന്നും പറഞ്ഞു.

കൊല്ലപ്പെട്ടത് 14 വർഷം മുമ്പ്

മുള്ളിവൈകലിൽ നടത്തിയ ഓപ്പറേഷനിടെ പ്രഭാകരൻ കൊല്ലപ്പെട്ടെന്ന വിവരം 2009 മേയ് 18നാണ് ശ്രീലങ്കൻ സേന പുറത്തുവിടുന്നത്. രക്ഷപ്പെടാൻ ശ്രമിച്ച പ്രഭാകരനെ വെടിവച്ച് വീഴ്ത്തിയെന്നാണ് വാദം. ഇത് സ്ഥിരീകരിക്കുന്നതിനായി മൃതദേഹത്തിന്റെ ചിത്രവും വീഡിയോയും മേയ് 19നു പുറത്തുവിട്ടു. പ്രഭാകരനൊപ്പം രക്ഷപ്പെടാൻ ശ്രമിച്ച ഭാര്യയെയും മക്കളേയും കൊലപ്പെടുത്തിയെന്നും അന്ന് സൈന്യം അറിയിച്ചു.

എന്നാൽ കീഴടങ്ങാനെത്തിയ പ്രഭാകരനെ സേന വെടിവച്ചിട്ടതാണെന്ന് അന്നുതന്നെ വാദങ്ങൾ ഉയർന്നിരുന്നു. പ്രഭാകരൻ ആത്മഹത്യ ചെയ്തതാണെന്നും കൊന്നെന്ന് സൈന്യം വരുത്തിത്തീർത്തതാണെന്നും വാർത്ത വന്നു.

തള്ളി ശ്രീലങ്കൻ സൈന്യം

വേലുപ്പിള്ള പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടെന്ന വാദം ശ്രീലങ്കൻ സൈന്യം തള്ളി. 2009ൽ ശ്രീലങ്കൻ സൈന്യം തന്നെയാണ് വധിച്ചത്. പ്രഭാകരൻ മരിച്ചെന്ന് തെളിയിക്കുന്ന ഡി.എൻ.എ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ പക്കലുണ്ടെന്നും ശ്രീലങ്കൻ മീഡിയ ഡയറക്ടറും സൈനിക വക്താവുമായ ബ്രിഗേഡിയർ രവി ഹെറാത്ത് പറഞ്ഞു.