ഫിസിയോതെറാപ്പിസ്റ്റുകൾ സഹനത്തിന്റെയും ധൈര്യത്തിന്റെയും പ്രതീകം: പ്രധാനമന്ത്രി

Tuesday 14 February 2023 12:13 AM IST

തിരുവനന്തപുരം: ഫിസിയോതെറാപ്പിസ്റ്റുകൾ ആരോഗ്യമേഖലയിലെ സഹനത്തിന്റെയും ധൈര്യത്തിന്റെയും പ്രതീകങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഹമ്മദാബാദിൽ ഇന്ത്യൻ അസോസിയേഷൻ ഒഫ് ഫിസിയോതെറാപ്പിസ്റ്റ്സിന്റെ 60-ാം ദേശീയ സമ്മേളനത്തിൽ വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ശാസ്ത്രീയമായ വ്യായാമങ്ങൾ, പോസ്ചർ,​ ഉപദേശം എന്നിവയിലൂടെ 'ഫിറ്റ് ഇന്ത്യ" എന്ന പദ്ധതിയുടെ കാവലാളാകാൻ ഇന്ത്യയിലെ ഫിസിയോ സമൂഹത്തോട് അദ്ദേഹം ആഹ്വാനം ചെയ്തു. ഈ മേഖലയിൽ നിന്നും വ്യക്തിപരമായ സ്വാധീനം താൻ നേടിയിട്ടുണ്ടെന്നും ഫിസിയോ മേഖലയുടെ ഉന്നമനത്തിനായി സർക്കാർ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

ഭൂകമ്പം നാശം വിതച്ച തുർക്കിയിലെയും സിറിയയിലെയും ശാരീരികാവശത അനുഭവിക്കുന്നവർക്ക് ഫിസിയോതെറാപ്പി ആവശ്യമായി വരുമെന്നും സാങ്കേതിക മാർഗങ്ങളിലൂടെ ഇന്ത്യൻ ഫിസിയോതെറാപ്പിസ്റ്റുകൾ എല്ലാ സഹായങ്ങളും നൽകി രാജ്യത്തിന്റെ യശസ്സ് ഉയർത്തണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ഭുപേന്ദ്രഭായ് പട്ടേൽ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ അസോസിയേഷൻ ഒഫ് ഫിസിയോതെറാപ്പിസ്റ്റ്സ് കേരള ഘടകം പ്രസിഡന്റ് ശ്രീജിത്ത്.എം.നമ്പൂതിരി സമ്മേളനത്തിൽ പങ്കെടുത്തു.