വൃദ്ധയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി അന്യസംസ്ഥാന തൊഴിലാളികൾ കസ്റ്റഡിയിൽ
തിരുവനന്തപുരം: അന്യസംസ്ഥാന തൊഴിലാളികൾക്ക് വാടകയ്ക്ക് നൽകിയിരുന്ന വീട്ടിൽ അവർക്കൊപ്പം താമസിച്ചുവന്ന വീട്ടുടമയായ വൃദ്ധയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമാരപുരം ചെട്ടിക്കുന്ന് പൊതുജനം റോഡിൽ ടിസി. 14/688(1) പ്രഫുല്ലം വീട്ടിൽ സരളാ ദേവിയുടെ (89) മൃതദേഹമാണ് വീടിന് സമീപത്തെ കിണറ്റിൽ കണ്ടെത്തിയത്. ഞാണ്ടൂർക്കോണത്ത് താമസിക്കുന്ന മകൻ ഇന്നലെ രാത്രി വീട്ടിലെത്തിയപ്പോൾ അമ്മയെ കാണാതായതിനെ തുടർന്ന് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെത്തി നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കിണറ്റിൽ മൃതദേഹം കണ്ടത്. കുറച്ച് കാലമായി ഇവരുടെ വീട് അന്യസംസ്ഥാന തൊഴിലാളികൾക്ക് വാടകയ്ക്ക് നൽകിയിരിക്കുയാണ്. ഇന്നലെ രാവിലെ അന്യസംസ്ഥാന തൊഴിലാളികൾ പണിക്ക് പോയിരുന്നതായി പറയുന്നു. രാത്രിയിലാണ് ഇവർ ജോലികഴിഞ്ഞുവരാറുള്ളത്. സരളയുടെ മൃതദേഹം കിണറ്രിൽ കണ്ടെത്തിയ സാഹചര്യത്തിൽ ഇവിടെ താമസിച്ചിരുന്ന അന്യസംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സരളയുടെ മൃതദേഹം പോസ്റ്രുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തി.