ഞങ്ങൾക്ക് ആരുമില്ല സാറേ......വേദനയായി വിജയകുമാരിയുടെ അവസാന വാക്കുകൾ

Tuesday 14 February 2023 12:53 AM IST

തിരുവനന്തപുരം: 'ഞങ്ങൾക്ക് ആരുമില്ല സാറേ, ഞാൻ എന്റെ മകൾക്ക് വേണ്ടിയാണ് ജീവിക്കുന്നത് '. കഴിഞ്ഞ ശനിയാഴ്ച അതിർത്തി തർക്കത്തിനിടെ മനംനൊന്ത് ആത്മഹത്യ ചെയ്‌ത ആക്കുളം തുറവിക്കൽ ശിവശക്തി നഗർ ശിവകൃപയിൽ എസ്. വിജയകുമാരിയുടെ അവസാനത്തെ വാക്കുകളാണിത്. മെഡിക്കൽ കോളേജ് എസ്.എച്ച്.ഒയ്ക്ക് അയയ്‌ക്കാൻ അവസാനമായി വിജയകുമാരി ഫോണിൽ റെക്കാഡ് ചെയ്‌ത ശബ്ദസന്ദേശത്തിലെ വാചകങ്ങളാണിത്. എന്നാൽ അത് സി.ഐക്ക് അയ്ക്കാൻ വിജയകുമാരിക്ക് സാധിച്ചില്ല. വിജയകുമാരിയുടെ കുടുംബവും ആക്കുളം കുന്നം ക്ഷേത്ര ഭാരവാഹികളും തമ്മിൽ 10 വർഷമായുള്ള നീണ്ട തർക്കമാണുള്ളത്. വിജയകുമാരിയുടെ കുടുംബക്ഷേത്രമായിരുന്നെങ്കിലും 35 വർഷം മുമ്പ് ദേവസ്വം ബോർഡ് ഏറ്റെടുക്കുകയായിരുന്നു. 10 വർഷം മുമ്പ് ഭരണസമിതിയിലെത്തിയ ഏതാനം ചിലർ വിജയകുമാരിയുടെ സ്ഥലം പിടിച്ചെടുക്കാൻ ശ്രമിച്ചതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചതെന്നാണ് ആരോപണം.ക്ഷേത്രത്തിന്റെ സ്ഥലം വിജയകുമാരി കൈവശപ്പെടുത്തിയെന്നാണ് മറുഭാഗത്തിന്റെ വാദം.

മകളെ ഡോക്ടറാക്കണം,

ആഗ്രഹം സാധിക്കാതെ മടക്കം

ഏക മകൾ ആദിത്യയെ ഡോക്ടറാക്കണമെന്ന ആഗ്രഹം ബാക്കിവച്ചാണ് വിജയകുമാരി ജീവൻ അവസാനിപ്പിച്ചത്. ആക്കുളത്തെ അങ്കണവാടിയിൽ ഹെല്പറായിരുന്നു വിജയകുമാരി. വർഷങ്ങൾക്കിപ്പുറം നാലുമാസം മുമ്പാണ് ആ ജോലിയും സ്ഥിരപ്പെടുത്തിയത്. 25 വർഷമായി സൗദി അറേബ്യയിൽ ജോലി ചെയ്യുകയായിരുന്ന ഭർത്താവ് അജിത്ത് നാട്ടിലെത്തിയിട്ട് മൂന്ന് മാസം തികഞ്ഞതേയുള്ളൂ. സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജോലി നോക്കുകയാണ് അജിത്ത്. മൂന്നുസെന്റിൽ നിർമ്മിച്ച വീട് മാത്രമായിരുന്നു കുടംബത്തിന്റെ സമ്പാദ്യം.