നോമിനേറ്റഡ് അംഗങ്ങൾക്ക് വോട്ട് ചെയ്യാൻ കഴിയില്ലെന്ന് നിരീക്ഷിച്ച് സുപ്രീംകോടതി; മേയർ തിരഞ്ഞെടുപ്പ് വീണ്ടും മാറ്റി

Tuesday 14 February 2023 2:03 AM IST

ന്യൂഡൽഹി: ഡൽഹി മേയർ തിരഞ്ഞെടുപ്പിൽ നോമിനേറ്റഡ് അംഗങ്ങൾക്ക് വോട്ട് ചെയ്യാൻ കഴിയില്ലെന്ന് വാക്കാൽ നിരീക്ഷിച്ച് സുപ്രീംകോടതി. ഭരണഘടന വ്യവസ്ഥയിൽ ഇക്കാര്യം വ്യക്തമാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു. നോമിനേറ്റഡ് അംഗങ്ങളുടെ വോട്ടിനെതിരെയുള്ള ആം ആദ്മി പാർട്ടി നിലപാടിന് ബലമേകുന്നതാണ് നിരീക്ഷണം.

ഭരണഘടന അനുച്ഛേദം 243ആർ പ്രകാരം നോമിനേറ്റഡ് അംഗങ്ങൾക്ക് മേയർ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ സാധിക്കില്ലെന്ന് ഹർജിക്കാരായ ആം ആദ്മി പാർട്ടിയുടെയും പാർട്ടിയുടെ മേയർ സ്ഥാനാ‌ർത്ഥി ഷെല്ലി ഒബ്റോയിയുടെയും അഭിഭാഷകൻ അഭിഷേക് സിംഗ്‌വി വാദിച്ചു. ലെഫ്‌റ്റനന്റ് ഗവർണർക്ക് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ സഞ്ജയ് ജെയ്ന്റെ അടക്കം വാദമുഖങ്ങൾ കോടതി വെള്ളിയാഴ്‌ച കേൾക്കും. വ്യാഴാഴ്‌ച നിശ്ചയിച്ചിരിക്കുന്ന മേയർ തിരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കാമെന്നും എ.എസ്.ജി. സമ്മതിച്ചു.

മൂന്ന് തവണയാണ് ഡൽഹി കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പ് അലങ്കോലമായത്. നോമിനേറ്റഡ് അംഗങ്ങളെ വോട്ട് രേഖപ്പെടുത്താൻ അനുവദിച്ചതിന് പുറമെ മേയർ, ഡെപ്യൂട്ടി മേയർ, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ എന്നീ സ്ഥാനങ്ങളിലേക്കുളള തിരഞ്ഞെടുപ്പ് ഒന്നിച്ച് നടത്താനുമുളള പ്രോ ടേം പ്രിസൈഡിങ് ഓഫിസറുടെ തീരുമാനത്തയും ആം ആദ്മി പാർട്ടി എതിർത്തു.

Advertisement
Advertisement