12,833 കോടി മുടക്കിയിട്ടും ഗംഗ മലിനം
Tuesday 14 February 2023 2:05 AM IST
ന്യൂഡൽഹി: 'നമാമി ഗംഗേ' എന്ന പേരിൽ ബി.ജെ.പി സർക്കാർ 2014ൽ തുടക്കമിട്ട പദ്ധതിക്കും ഗംഗാ നദിയെ രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് ജലാശക്തി മന്ത്രാലയം രാജ്യസഭയിൽ നൽകിയ കണക്കുകൾ വ്യക്തമാക്കുന്നു.
12,833 കോടി രൂപ ചെലവഴിച്ചിട്ടും 71 ഇടത്ത് നദിയിലെ മാലിന്യം അഭിലഷണീയമായ പരിധിയിലും വളരെ കൂടുതലാണെന്ന് രാജ്യസഭയിൽ ഡോ വി ശിവദാസൻ എംപിക്ക് ലഭിച്ച മറുപടിയിൽ പറയുന്നു.
ഏറ്റവുമധികം പണം മുടക്കിയ പ്രയാഗ് രാജിലെ വെള്ളത്തിൽ ഫീക്കൽ കോളിഫോം ബാക്ടീരിയയുടെ അളവ് 100 മി.ലിറ്ററിന് 680 എന്ന പരിധിയിലാണ്. (അനുവദനീയമായ പരിധി 500 / 100 മി.ലി). മിർസാപൂരിൽ കോളിഫോം ബാക്ടീരിയയുടെ അളവ് 2017 ൽ 1700 ആയിരുന്നത് 2022 ൽ 13000 ആയി ഉയർന്നു. ബക്സർ, പാട്ന, ത്രിവേണിഘട്ട്, ഭാഗൽപൂർ തുടങ്ങിയ സ്ഥലങ്ങളിൽ ആറു മുതൽ രണ്ടിരട്ടി വരെയാണ് ബാക്‌ടീരിയ വർദ്ധിച്ചത്.