തോക്ക് സംസ്‌കാരത്തിന് എതിരെ സുപ്രീം കോടതി
ന്യൂഡൽഹി: രാജ്യത്ത് തോക്ക് സംസ്‌കാരം വർദ്ധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. ഉത്തർപ്രദേശിൽ അനധികൃതമായി തോക്ക് കൈവശം സൂക്ഷിച്ച കേസിൽ 73കാരൻ സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ജസ്റ്റിസ് കെ.എം. ജോസഫ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.
അമേരിക്കയിലെ പോലെ ഇന്ത്യയിൽ തോക്കുകൾ സ്വതന്ത്രമായി കൊണ്ടുനടക്കാൻ ഭരണഘടന അനുവദിക്കുന്നില്ല. പ്രശ്‌നത്തെ കയറൂരി വിട്ടാൽ നിയമ വാഴ്‌ചയ്‌ക്ക് വൻ അടിയാകുമെന്നും സ്വമേധയാ കേസ് രജിസ്റ്റർ ചെയ്‌ത സുപ്രീംകോടതി വ്യക്തമാക്കി.
കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത കാര്യമാണിതെന്ന് ജസ്റ്റിസ് കെ.എം. ജോസഫ് പറഞ്ഞു. തോക്കും കത്തിയും ഉപയോഗിക്കുന്നത് മാടമ്പി മന:സ്ഥിതിയാണെന്നായിരുന്നു ജസ്റ്റിസ് ബി.വി. നാഗരത്നയുടെ അഭിപ്രായം. തോക്ക് സംസ്‌ക്കാരത്തിന് അന്ത്യമുണ്ടാക്കുന്നതിന്റെ ഭാഗമായി ഉത്തർപ്രദേശിനോട് സത്യവാങ്മൂലം ആവശ്യപ്പെട്ടു. നിയമവിരുദ്ധമായി തോക്കുകൾ കൈവശം സൂക്ഷിച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്‌ത കേസുകളുടെ എണ്ണവും, സ്വീകരിച്ച നടപടികളും അടക്കം വിശദാംശങ്ങൾ ഉൾപ്പെടുത്തിയാകണം മറുപടി. ഉത്തർപ്രദേശ് ഡി.ജി.പി. നാലാഴ്‌ചയ്‌ക്കകം സത്യവാങ്മൂലം സമർപ്പിക്കണം.