ഒ.എൻ.വി സ്‌മരണകളിൽ സ്‌മൃതി സായാഹ്നം

Tuesday 14 February 2023 1:11 AM IST

തിരുവനന്തപുരം: ' ആദ്യമായി കണ്ടപ്പോൾ അദ്ദേഹം എന്നെ ' അനിയത്തീ ' എന്നാ വിളിച്ചത്. ആ ബന്ധം മരണം വരെയും തുടർന്നു ' നാടക കലാകാരിയും ചലച്ചിത്ര നടിയുമായ വിജയകുമാരി സ്വരമിടറിക്കൊണ്ട് പറഞ്ഞു. ഒ.എൻ.വി കൾച്ചറൽ അക്കാഡമിയുടെയും യൂണിവേഴ്സിറ്റി കോളേജ് മലയാളം വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഒ.എൻ.വി സ്‌മൃതി സായാഹ്നത്തിൽ സംസാരിക്കുകയായിരുന്നു അവർ. ഇത്തരമൊരു പരിപാടിയിൽ വിളിച്ചത് എനിക്ക് അഭിമാന നിമിഷമാണ്. ഞാൻ അദ്ദേഹത്തെ സാറെന്നോ ചേട്ടാന്നോ സഖാവേന്നോ വിളിച്ചില്ല. സാവേ എന്നാ വിളിച്ചത്. അതിൽ ഞങ്ങളുടെ സഹോദരബന്ധത്തിന്റെ ആഴമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മരണം ഇന്നും വിശ്വസിക്കാനായിട്ടില്ലെന്നും വിജയകുമാരി പറഞ്ഞു.

പഠിപ്പിച്ചിട്ടില്ലെങ്കിലും ഒ.എൻ.വി തനിക്ക് ഗുരുതുല്യനായിരുന്നുവെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ അനുസ്മരിച്ചു. താൻ ആദ്യം കാണണമെന്ന് ആഗ്രഹിച്ച മലയാള സാഹിത്യത്തിലെ സെലിബ്രിറ്റിയാണ് ഒ.എൻ.വിയെന്ന് മുൻ ചീഫ് സെക്രട്ടറിയും കവിയുമായ കെ. ജയകുമാർ പറഞ്ഞു. ഒ.എൻ.വിയുടെ ഏഴാം ചരമ വാർഷികത്തോടനുബന്ധിച്ച് യൂണിവേഴ്സിറ്റി കോളേജ് മുറ്റത്ത് സംഘടിപ്പിച്ച പരിപാടി കവിയെ സ്‌നേഹിക്കുന്നവരുടെ സൗഹൃദ സായാഹ്നമായി. ഒ.എൻ.വിയുടെ ഭാര്യ സരോജിനി അടക്കമുള്ള കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു.

കവി പ്രഭാവർമ്മ, മുൻമന്ത്രി എം. വിജയകുമാർ, ജോണി ലൂക്കോസ്, ആർ. ശരത്, രാധിക സി. നായർ, യൂണിവേഴ്സിറ്റി കോളേജ് പ്രിൻസിപ്പൽ സജി സ്റ്റീഫൻ, മലയാള വിഭാഗം മേധാവി ശ്രീകുമാർ തുടങ്ങിയവർ ഒ.എൻ.വിയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ചു. ഒ.എൻ.വിയുടെ സൂര്യഗീതം എന്ന കവിതയുടെ സംഗീതാവിഷ്‌കാരത്തോടെയാണ് സ്‌മൃതി സായാഹ്നം ആരംഭിച്ചത്. ഒ.എൻ.വിയുടെ ജീവിതത്തിലെ വിവിധ മുഹൂർത്തങ്ങൾ പകർത്തിയ ചിത്രപ്രദർശനവും സംഘടിപ്പിച്ചിരുന്നു. ബിനോയ് വിശ്വം എം.പി ഒ.എൻ.വിയെക്കുറിച്ച് രചിച്ച കവിത യൂണിവേഴ്സിറ്റി കോളേജിലെ ഫിലോസഫി വിഭാഗം വിദ്യാർത്ഥി അശ്വിൻ മോഹൻ ആലപിച്ചു.