നിക്ഷേപ മേഖല നിയന്ത്രണ ചട്ടം, വിദഗ്ദ്ധ സമിതിയാകാം

Tuesday 14 February 2023 2:11 AM IST

ന്യൂഡൽഹി: രാജ്യത്തെ നിക്ഷേപ മേഖലയിലെ നിയന്ത്രണച്ചട്ടങ്ങൾ ശക്തിപ്പെടുത്താൻ വിദഗ്ദ്ധ സമിതിയാകാമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് അദാനി ഗ്രൂപ്പിന്റെ ഓഹരികൾ കൂപ്പുകുത്തിയ വിഷയം പരിഗണിക്കവേയാണ് സമ്മതമറിയിച്ചത്. കേന്ദ്രം അനുവദിച്ചാൽ ഉന്നതതല വിദഗ്ദ്ധ സമിതി രൂപീകരിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് നേരത്തേ നിരീക്ഷിച്ചിരുന്നു.

സമിതിയുടെ രൂപീകരണവും പ്രവർത്തനവും രാജ്യാന്തര-തദ്ദേശീയ നിക്ഷേപങ്ങളെയും പണത്തിന്റെ ഒഴുക്കിനെയും ബാധിക്കാത്ത തരത്തിലാകണമെന്നും കേന്ദ്രം പറഞ്ഞു. സമിതി അംഗങ്ങളായി നിയമിക്കേണ്ടവരുടെ പേരുകൾ മുദ്രവച്ച കവറിൽ കൈമാറാം. എന്നാൽ പേരുകൾ പരസ്യമാക്കാൻ കഴിയില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. സമിതിയുടെ ടേംസ് ഒഫ് റഫറൻസ് നാളെ സമർപ്പിക്കാൻ സുപ്രീംകോടതി നിർദ്ദേശം നൽകി. വെള്ളിയാഴ്‌ച വീണ്ടും വാദം കേൾക്കും.

Advertisement
Advertisement