യുക്രെയിനിൽ പോരാട്ടം കടുപ്പിച്ച് റഷ്യ

Tuesday 14 February 2023 9:07 AM IST

മോസ്കോ : യുക്രെയിനിൽ അധിനിവേശം ആരംഭിച്ചിട്ട് ഫെബ്രുവരി 24ന് ഒരു വർഷം തികയാനിരിക്കെ പുതിയ ആക്രമണത്തിന് തുടക്കമിട്ട് റഷ്യ. കൂടുതൽ സൈന്യത്തെയും ആയുധങ്ങളെയും റഷ്യ വിന്യസിച്ചു തുടങ്ങി. റഷ്യയുടെ പുതിയ നീക്കം ആരംഭിച്ചതായി നാറ്റോ തലവൻ ജെൻസ് സ്റ്റോൽറ്റൻബർഗും ഇന്നലെ വ്യക്തമാക്കി.

അതേ സമയം,​ പോരാട്ടം രൂക്ഷമായി തുടരുന്ന ഡൊണെസ്കിലെ ബഖ്മത് നഗരത്തിന്റെ വടക്കുള്ള ക്രാസ്ന ഹോറ ഗ്രാമം പിടിച്ചെടുത്തെന്ന് റഷ്യൻ സ്വകാര്യ പാരാമിലിട്ടറി വിഭാഗമായ വാഗ്‌നർ ഗ്രൂപ്പ് അവകാശപ്പെട്ടു. തെക്ക് കിഴക്കൻ യുക്രെയിൻ നഗരമായ നികോപോളിൽ ഞായറാഴ്ച ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിന് നേരെ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ 53 വയസുള്ള സ്ത്രീ മരിച്ചു.

റഷ്യൻ നിയന്ത്രണത്തിലുള്ള യുക്രെയിൻ നഗരമായ മെലിറ്റോപോളിൽ യുക്രെയിൻ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി ഗവർണർ ആരോപിച്ചു.