എലികളിലെ മുത്തച്ഛൻ പാട്രിക് സ്‌റ്റൂവർട്ട്
ന്യൂയോർക്ക് : നമുക്കേവർക്കും സുപരിചിതമായ ജീവിയാണ് എലി. ലോകത്ത് ഏറ്റവും പ്രായം കൂടിയ എലി ഏതാണെന്ന് ചോദിച്ചാൽ പറയാൻ സാധിക്കുമോ ? കഴിഞ്ഞേക്കില്ല. എന്നാൽ മനുഷ്യന്റെ സംരക്ഷണത്തിലുള്ള ഏറ്റവും പ്രായം കൂടിയ എലി എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമുണ്ട്. അമേരിക്കൻ സ്വദേശിയായ 'പാട്രിക് സ്‌റ്റൂവർട്ട്" ആണത്. പ്രശസ്ത ഇംഗ്ലീഷ് നടൻ പാട്രിക് സ്‌റ്റൂവർട്ടിനോടുള്ള ആദരമായാണ് പസഫിക് പോക്കറ്റ് മൗസ് ഇനത്തിലെ ഈ കുഞ്ഞൻ എലിക്ക് ഈ പേര് നൽകിയത്. വടക്കേ അമേരിക്കയിലെ ഏറ്റവും ചെറിയ സ്പീഷീസ് എലിയാണ് പസഫിക് പോക്കറ്റ് മൗസ്. ഇക്കഴിഞ്ഞ ഫെബ്രുവരി 9ന് ഒമ്പത് വയസും 210 ദിവസവും തികഞ്ഞ പാട്രികിനെ ഗിന്നസ് ലോക റെക്കാഡ് ഔദ്യോഗികമായി അംഗീകരിച്ചു. ഏഴ് വർഷം ജീവിച്ചിരുന്ന യു.കെയിലെ ഫ്രിറ്റ്സി ( 1977 - 1985 ) എന്ന എലിയായിരുന്നു ഇതിന് മുന്നേ ഈ റെക്കാഡ് വഹിച്ചിരുന്നത്. ഒരു പക്ഷേ, ലോകത്ത് കൂടുതൽ കാലം ജീവിക്കുന്ന എലിയും പാട്രിക് ആയിരിക്കാം. സാൻഡിയാഗോ മൃഗശാലയിലാണ് പാട്രികിന്റെ താമസം. പ്രായമേറിയെങ്കിലും കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നും പാട്രികിനില്ല എന്ന് അധികൃതർ പറയുന്നു. വെറും ആറ് ഗ്രാമിൽ താഴെയാണ് പാട്രികിന്റെ ഭാരം. 2013 ജൂലായ് 14നാണ് പാട്രികിന്റെ ജനനം. പുറത്ത് ജീവിക്കുന്ന പസഫിക് പോക്കറ്റ് മൗസിന്റെ ശരാശരി ആയുസ് പരമാവധി രണ്ട് വർഷമാണ്. അതേ സമയം, പസഫിക് പോക്കറ്റ് മൗസ് എന്ന പേര് കേൾക്കുമ്പോൾ പോക്കറ്റിൽ ഒതുങ്ങാൻ മാത്രം വലിപ്പമുണ്ടായത് കൊണ്ട് ലഭിച്ചതാണെന്ന് കരുതിയെങ്കിൽ തെറ്റി. കവിളിൽ കാണപ്പെടുന്ന പ്രത്യേക സഞ്ചികളുടെ സാന്നിദ്ധ്യമാണ് ഇതിന് കാരണം. ഈ സഞ്ചികളെ ആഹാരവും മാളമുണ്ടാക്കാനുള്ള വസ്തുക്കളുമൊക്കെ സൂക്ഷിക്കുന്ന ഒരു പോക്കറ്റ് പോലെയാണ് ഇവ ഉപയോഗിക്കുന്നത്. പസഫിക് തീരങ്ങളിലാണ് ഈ എലികൾ കാണപ്പെടുന്നത്. അതേ സമയം, മനുഷ്യരുടെ കടന്നുകയറ്റം ഇവയുടെ ജീവൻ അപകടത്തിലാക്കി. ഒരിടയ്ക്ക് ഇവയ്ക്ക് വംശനാശം സംഭവിച്ചെന്ന് ശാസ്ത്രലോകം കരുതിയിരുന്നു. എന്നാൽ 20 വർഷങ്ങൾക്ക് ശേഷം 1994ൽ കാലിഫോർണിയയിൽ ഇവയെ വീണ്ടും കണ്ടെത്തി. സംരക്ഷണം നൽകിയതോടെ ഇവയുടെ എണ്ണത്തിൽ ഇപ്പോൾ കാര്യമായ വർദ്ധനയുണ്ട്. വിത്തുകളുടെ വിതരണമടക്കം പരിസ്ഥിതിക്ക് ഏറെ ഉപകാരിയാണ് ഈ കുഞ്ഞൻ എലികൾ.