ഭൂകമ്പം: രക്ഷാപ്രവർത്തനം അന്തിമഘട്ടത്തിലേക്ക് മരണം 36,000 കടന്നു

Tuesday 14 February 2023 9:16 AM IST

ഇസ്താംബുൾ: തുർക്കി-സിറിയ ഭൂകമ്പ രക്ഷാപ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക്. ഇതുവരെ ഇരുരാജ്യങ്ങളിലുമായി മരിച്ചവരുടെ എണ്ണം 36,​000 കടന്നു. ദുരന്തം ഒരാഴ്ച പിന്നിട്ടതോടെ കൂടുതൽ പേരെ കെട്ടിടാവശിഷ്ടങ്ങൾക്കിടെയിൽ നിന്ന് ജീവനോടെ പുറത്തെത്തിക്കാനാകുമെന്ന പ്രതീക്ഷ മങ്ങി. അവശിഷ്ടങ്ങൾക്കിടെയിൽ നിന്ന് കഴിഞ്ഞ ദിവസങ്ങളിൽ രക്ഷപെടുത്തിയ ചിലർ ആശുപത്രികളിൽ മരിച്ചു. തെരച്ചിൽ ഉടൻ അവസാനിക്കുമെന്നും ഭൂകമ്പ ബാധിതർക്ക് അഭയ കേന്ദ്രം, ആഹാരം, ആരോഗ്യം എന്നിവ ഉറപ്പാക്കുക എന്നതാണ് അടുത്ത ഘട്ടമെന്നും ഐക്യരാഷ്ട്ര സംഘടന വ്യക്തമാക്കി. സിറിയയിലെ വിമത മേഖലകളിൽ സഹായമെത്തിക്കുന്നതിൽ അന്താരാഷ്ട്ര സമൂഹം പരാജയപ്പെട്ടെന്നും ഐക്യരാഷ്ട്ര സംഘന ചൂണ്ടിക്കാട്ടി. അതേ സമയം, സിറിയയിലെ വിമത മേഖലകളിലേക്ക് കൂടുതൽ സഹായങ്ങളെത്തിക്കാൻ പ്രസിഡന്റ് ബാഷർ അൽ അസദ് അനുവാദം നൽകിയെന്ന് ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അഥനോം ഗബ്രിയേസസ് പറഞ്ഞു. അതിനിടെ,​ തുർക്കിയിൽ ഹാതെയ് പ്രവിശ്യയിൽ 178 മണിക്കൂറായി തകർന്ന മൂന്ന് നില കെട്ടിടത്തിൽ കുടുങ്ങിക്കിടന്ന 70കാരിയെ രക്ഷിച്ചു. കാഹ്‌റമാൻമറാസ് നഗരത്തിൽ മരിച്ച 5,000ത്തിലേറെ പേരെ കൂട്ടക്കുഴിമാടത്തിൽ അടക്കം ചെയ്തു. 10,​000ത്തോളം പേരാണ് ഇവിടെ മരിച്ചത്. കാഹ്‌റമാൻമറാസിലെ തെരുവുകൾ തകർന്നടിഞ്ഞ നിലയിലാണ്.