വിജിലൻസ് കണ്ടെത്തി ; ബീവറേജ്സിലും സമ്മർദ്ദമുണ്ട്

Tuesday 14 February 2023 8:38 PM IST

കണ്ണൂർ: ക്രമക്കേട് പ്രതീക്ഷിച്ച് ബീവറേജ്സ് ഔട്ട് ലെറ്റുകളിൽ എത്തിയ വിജിലൻസ് സംഘത്തിന് ലഭിച്ചത് അപ്രതീക്ഷിത വിവരം. മറ്റ് ഡിപ്പാർട്ട്മെന്റുകളിൽ നിന്ന് വ്യത്യസ്തമായി മോശമല്ലാത്ത വരുമാനമുണ്ടെങ്കിലും ബീവറേജ്സ് കോർപറേഷന്റെ ജീവനക്കാർ കടുത്ത മാനസികസമ്മർദ്ദത്തിന് അടിപ്പെടുന്നുവെന്ന വിവരമാണ് വിജിലൻസ് സംഘത്തിന് ലഭിച്ചത്.

കൈക്കൂലിക്കാരെ പ്രതീക്ഷിച്ച് രണ്ടാഴ്ച മുമ്പായിരുന്നു കണ്ണൂർ ജില്ലയിലെ ചില ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ വിജിലൻസ് പരിശോധന നടത്തിയത്. പ്രതീക്ഷിച്ചതിന് പകരം ജീവനക്കാരുടേയും ബാഗുകളിൽ പിരിമുറുക്കം കുറയ്ക്കാനുള്ള മരുന്നുകളാണ് കണ്ടെടുത്തത്. ഒരു സ്ഥാപനത്തിലെ മുഴുവൻ ജീവനക്കാർക്കും സമാനമായ പരിമുറുക്കം ഉണ്ടാകുന്നുവെന്നാണ് കണ്ടെത്തൽ. രാവിലെ ഒൻപതര മുതൽ രാത്രി 9 വരെ കോടിക്കണക്കിന് രൂപയുടെ ഇടപാട് നടത്തുന്നവർക്ക് മാനസിക സംഘർഷം ഉണ്ടാകുന്നത് സ്വാഭാവികമാണെങ്കിലും അതിന്റെ തോത് ഭയാനകമാണെന്നാണ് വിലയിരുത്തൽ.

സംഭവം ശ്രദ്ധയിൽപെട്ടതിന് പിന്നാലെ തൊഴിലാളികളുടെ കുടുംബസംഗമം സംഘടിപ്പിച്ച് സമ്മർദ്ദം കുറക്കാനുള്ള സാഹചര്യം ഒഴിവാക്കാൻ കോർപറേഷൻ മുൻകൈയെടുത്തു. ഇതിന് മുമ്പ് ഇത്തരമൊരു സംഗമം കോർപറേഷന്റെ ചരിത്രത്തിൽ നടന്നിരുന്നില്ല. പ്രശ്നത്തിന് ഇത് പരിഹാരമാകില്ലെങ്കിലും കോർപറേഷൻ അനുഭാവപൂർവം വിഷയം പരിഗണിക്കുന്നുവെന്ന പ്രതീതിയുളവാക്കാൻ കുടുംബസംഗമത്തിന് സാധിച്ചുവെന്ന് തൊഴിലാളികളും പറഞ്ഞു.

Advertisement
Advertisement