'അമൃതിൽ" മിന്നിക്കാൻ റെയിൽവേ കാസർകോട്,​പയ്യന്നൂർ,​തലശ്ശേരി,​മാഹി സ്റ്റേഷനുകൾ നവീകരിക്കും

Tuesday 14 February 2023 8:40 PM IST

കണ്ണൂർ: പാലക്കാട് ഡിവിഷനിലെ 30 റയിൽവെ സ്റ്റേഷനുകൾ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുമ്പോൾ കാസ‍‍ർകോട്,​ പയ്യന്നൂർ,​തലശേരി,​മാഹി സ്റ്റേഷനുകളും ആദ്യ ഘട്ടത്തിൽ മുഖം മിനുക്കുന്ന സ്റ്റേഷനുകളുടെ പട്ടികയിൽ ഇടംനേടി. പ്ലാറ്റ്ഫോമുകളുടെ വികസനം, പ്ളാറ്റ്ഫോമുകളിൽ മേൽക്കൂര സ്ഥാപിക്കൽ, കാത്തിരിപ്പു കേന്ദ്രം, ഇരിപ്പിടങ്ങളുടെ നവീകരണം, വിശ്രമ കേന്ദ്രം, വൈഫൈ,​ പാർക്കിംഗ് ഏരിയ വിപുലീകരണം,​ അലങ്കാര വിളക്കുകൾ,​ ഡിസ്‌പ്ലേ ബോർഡുകൾ തു‌ടങ്ങി 10 കോടിയുടെ വരെ വികസന പ്രവർത്തനങ്ങളാണ് അമൃത് പദ്ധതിയിൽ ഉൾപ്പെട്ട ഓരോ സ്റ്റേഷനിലും നടപ്പിലാക്കുന്നത്.

ആസ്ഥാനമാണ് !

സംസ്ഥാനത്തെ ഒരു ജില്ലാ ആസ്ഥാന റെയിൽവേ സ്റ്റേഷനിലും ഇല്ലാത്ത അവഗണനയാണ് കാലങ്ങളായി കാസ‍ർകോട് സ്റ്റേഷൻ നേരിടുന്നത്. അറുപതോളം ട്രെയിനുകളിലായി പ്രതിദിനം പതിനായിരത്തിന് മുകളിൽ യാത്രക്കാർ എത്തുന്ന സ്റ്റേഷനിൽ മറുഭാഗത്തേക്ക് കടക്കാൻ ആകെയുള്ളത് രണ്ട് മേൽപ്പാലങ്ങൾ. ആവശ്യത്തിന് ഇരിപ്പിടങ്ങളോ, മുഴുവൻ സമയത്തും പ്രവർത്തിക്കുന്ന ലിഫ്‌റ്റോ, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഇൻഫർമേഷൻ സെന്ററോ ഇവിടെയില്ല. അമൃത് ഭാരത് പദ്ധതിയിലൂടെ ഇവയ്ക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

റിപ്പോർട്ട് തേടി റെയിൽവേ

ഏഴിമല നേവൽ അക്കാഡമി, പെരിങ്ങോം സി.ആർ.പി.എഫ്,​ എന്നിവയ്ക്കു സമീപത്തെ സ്റ്റേഷൻ എന്ന നിലയിലാണ് പയ്യന്നൂർ റെയിൽവെ സ്റ്റേഷനെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയത്. വികസന പദ്ധതി നടപ്പാക്കുന്നതിനു വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ റെയിൽവേ നിർദേശം നൽകിയിട്ടുണ്ട്. ത​ല​ശ്ശേ​രി റെ​യി​ൽവേ സ്റ്റേ​ഷ​ന്റെ വി​ക​സ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ആദ്യ ഘട്ടത്തിൽ രണ്ട് പ്ളാറ്റ്‌ഫോമിലേയും മേൽക്കൂര പൂർണമായും നിർമ്മിക്കും. വിശ്രമമുറികളുടെ എണ്ണവും ശുചിമുറികൾ,​ ഇരിപ്പിടങ്ങൾ എന്നിവയും വർദ്ധിപ്പിക്കും.മാഹി സ്റ്റേഷൻ കൂടി വികസന പാതയിലേക്ക് കയറുന്നതോടെ കണ്ണൂർ-കാസ‍ർകോട് ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകൾ ലോകനിലവാരത്തിലേക്ക് ഉയരും.

പയ്യന്നൂർ റയിൽവെ സ്റ്റേഷനിലെ പ്രധാന കവാടത്തിനരികെ റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ സ്ഥാപിച്ച പ്രീപെയ്ഡ് ഓട്ടോ ബൂത്തും ഒന്നാംനമ്പർ പ്ലാറ്റ് ഫോമിലെ പണം കൊടുത്ത് ഉപയോഗിക്കുന്ന ശുചിമുറിയും അടച്ചിടാൻ നിർദേശം നൽകിയിരിക്കുകയാണ്. വരുമാനത്തിന്റെ പകുതി നൽകിയാൽ മാത്രമേ തുറന്നുപ്രവർത്തിക്കാൻ പറ്റുവെന്നതാണ് റെയിൽവേ നിലപാട്.

'അമൃത് ഭാരത്"

സ്റ്റേഷനുകളുടെ നവീകരണത്തിനായി റെയിൽവേ മന്ത്രാലയം രൂപീകരിച്ച പുതിയ പദ്ധതിയാണ് അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി. ലഭ്യമായ സൗകര്യങ്ങൾ പരമാവധി വിനിയോഗിച്ച് ദീർഘകാല ഉപയോഗത്തിനായി സ്റ്റേഷനുകളെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം. റയിൽവെ സ്റ്റേഷനുകളിൽ നടപ്പിലാക്കേണ്ട പദ്ധതികളുടെ മാസ്റ്റർ പ്ലാനുകൾ തയ്യാറാക്കി അവ ഘട്ടംഘട്ടമായാണ് നടപ്പിലാക്കുക. ആദ്യ ഘട്ടത്തിൽ രാജ്യത്തെ തിരഞ്ഞെടുത്ത 1000 സ്റ്റേഷനുകളിലാണ് പദ്ധതികൾ നടപ്പിലാക്കുക.