ഹജ്ജ് എംബാർക്കേഷൻ പോയിന്റ്: കണ്ണൂരിൽ മികച്ച സൗകര്യമൊരുക്കുമെന്ന് മന്ത്രി

Tuesday 14 February 2023 8:47 PM IST

കണ്ണൂർ: കണ്ണൂർ ഹജ്ജ് എംബാർക്കേഷൻ പോയിന്റിൽ പരമാവധി യാത്രക്കാരെ കൊണ്ടപോകാൻ കഴിയുംവിധം സൗകര്യങ്ങൾ ഒരുക്കുമെന്ന് ഹജ്ജിന്റെ ചുമതലയുള്ള മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതുതായി അനുവദിച്ച ഹജ്ജ് എംബാർക്കേഷൻ പോയിന്റിനായി സൗകര്യങ്ങൾ ഒരുക്കുന്നത് സംബന്ധിച്ച് വിലയിരുത്താൻ വിമാനത്താവളത്തിൽ എത്തിയതായിരുന്നു മന്ത്രി.

ഇതുസംബന്ധിച്ച് ആദ്യ യോഗം മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. കണ്ണൂർ മേഖലയിൽ നിന്നുള്ള പരമാവധി ഹജ്ജ് യാത്രക്കാരെ ഇവിടേക്ക് ആകർഷിക്കാൻ കഴിയുന്ന വിധം ആവശ്യമായ മികച്ച സൗകര്യങ്ങൾ ഒരുക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി സംസ്ഥാന ബഡ്ജറ്റിൽ ഒരു കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
യോഗത്തിൽ കെ.കെ.ശൈലജ എം.എൽ.എ, ജില്ലാ കളക്ടർ എസ്.ചന്ദ്രശേഖർ, മട്ടന്നൂർ നഗരസഭാ ചെയർമാൻ എൻ.ഷാജിത്, എ.ഡി.എം കെ.കെ.ദിവാകരൻ തുടങ്ങിയവർ പങ്കെടുത്തു.

നാൽപത് ശതമാനവും കണ്ണൂരിൽ നിന്നെന്ന് മന്ത്രി

മട്ടന്നൂർ: സംസ്ഥാനത്ത് നിന്നുള്ള ഹജ്ജ് തീർത്ഥാടകരിൽ 40 ശതമാനം കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി വി.അബ്ദുറഹ്മാൻ പറഞ്ഞു. കണ്ണൂർ വിമാനത്താവളം സന്ദർശിച്ച ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂരിൽ ഹജ്ജ് പുറപ്പെടൽ കേന്ദ്രമെന്ന ആവശ്യം സംസ്ഥാന സർക്കാർ വർഷങ്ങളായി ഉന്നയിക്കുന്നതാണ്. കണ്ണൂരിൽ ഹജ്ജ് ക്യാമ്പ് ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. ബജറ്റിൽ ഇതിനായി ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഏറ്റവും സൗകര്യപ്രദമായ ഹജ്ജ് യാത്രക്കുള്ള സംവിധാനങ്ങൾ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. ഏറെ കാലത്തിന് ശേഷമാണ് കരിപ്പൂരിൽ ഹജ്ജ് പുറപ്പെടൽ കേന്ദ്രം വരുന്നത്. ഇത്തവണ കൂടുതൽ പേർക്ക് ഹജ്ജ് തീർഥാടനത്തിൽ പങ്കെടുക്കാനാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

Advertisement
Advertisement