ആത്മനിർഭറിൽ തിളങ്ങി എച്ച്‌‌ എ എൽ; തേജസിന് 50,000 കോടിയുടെ ഓർഡറിനുകൂടി സാദ്ധ്യത

Wednesday 15 February 2023 4:40 AM IST

ബംഗളൂരു: ഇന്ത്യയുടെ സ്വന്തം യുദ്ധ വിമാനമായ തേജസിന് വിദേശ രാജ്യങ്ങളിൽ നിന്ന് 50,000 കോടി രൂപയുടെ കൂടി ഓർഡറിന് വഴിയൊരുങ്ങി. നേരത്തേ ലഭിച്ച 84,000 കോടിയുടെ ഓർഡറിന് പുറമെയാണിത്.

പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്.എ.എൽ) തദ്ദേശീയമായി നിർമ്മിക്കുന്ന ലഘു യുദ്ധ വിമാനമാണ് ( ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് )​ തേജസ്.

അർജന്റീന 15 ഉം ഈജിപ്ത് 20 ഉം തേജസ് വാങ്ങാൻ താത്പര്യം അറിയിച്ചിട്ടുണ്ട്. രണ്ടു രാജ്യങ്ങളുടെയും വ്യോമസേനാ ഉന്നതർ ബംഗളൂരുവിലെത്തി തേജസ് പരിശോധിച്ച് തൃപ്തി അറിയിച്ചു. താത്പര്യം അറിയിച്ച മലേഷ്യയുമായും ഫിലിപ്പീൻസുമായും ചർച്ച പുരോഗമിക്കുകയാണ്. രണ്ട് മാസത്തിനുള്ളിൽ ഓർഡറുകൾ ഉറപ്പിക്കാമെന്നാണ് പ്രതീക്ഷയെന്ന് എച്ച്.എ.എൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സി.ബി. അനന്തകൃഷ്ണൻ എയ്‌റോ ഇന്ത്യ 2023 പ്രദർശന നഗറിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2024 ഫെബ്രുവരിയിൽ ആദ്യ തേജസ് കൈമാറും. 2025ൽ16 വിമാനങ്ങൾ കൈമാറുകയാണ് ലക്ഷ്യം. ഇപ്പോൾ വർഷം 30 തേജസ് നിർമ്മിക്കാനാണ് തീരുമാനം. ആവശ്യക്കാർ വർദ്ധിച്ചാൽ നിർമ്മാണശേഷി 90 ആയി വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലൈറ്റ് യൂട്ടിലിറ്റി വിഭാഗത്തിൽപ്പെട്ട 12 ഹെലികോപ്റ്ററുകൾക്കും ഓർഡർ ലഭിച്ചിട്ടുണ്ട്. കരസേനയും വ്യോമസേനയും ആറുവീതം ഹെലികോപ്റ്ററുകൾക്കാണ് ഓർഡർ നൽകിയത്. തുംകൂറിലെ യൂണിറ്റിൽ നിർമ്മാണം ആരംഭിച്ചു.

പി. എസ്. എൽ.വി റോക്കറ്റും നിർമ്മിക്കും

ഐ.എസ്.ആർ.ഒയ്ക്ക് വേണ്ടി പി.എസ്.എൽ.വി റോക്കറ്റ് സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ നിർമ്മിക്കുന്നതാണ് എച്ച്.എ.എല്ലിന്റെ മറ്റൊരു വമ്പൻ പദ്ധതി. അഞ്ചു റോക്കറ്റുകൾ നിർമ്മിക്കാനാണ് കരാർ. ഇതിന്റെ പ്രാഥമിക നടപടികൾ ആരംഭിച്ചു.

''ആത്മനിർഭർ പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താവാണ് എച്ച്.എ.എൽ. വിമാന നിർമ്മാണത്തിന് പരമാവധി തദ്ദേശീയ വസ്‌തുക്കൾ ഉപയോഗിക്കും.""

സി.ബി. അനന്തകൃഷ്ണൻ
സി.എം.ഡി,​ എച്ച്.എ.എൽ.

Advertisement
Advertisement