കുന്നുകൾ ഇടിച്ചു നിരത്തുന്നതായി പരാതി

Wednesday 15 February 2023 12:56 AM IST

നെടുമങ്ങാട്: വേങ്കോടും പരിസരപ്രദേശങ്ങളിലേയും കുന്നുകൾ അനധികൃതമായി ഇടിച്ചു നിരത്തുന്നതായി പരാതി.മുനിസിപ്പാലിറ്റിയിലെ ഉയർന്ന പ്രദേശങ്ങളായ വേങ്കോട്,ചെന്തുപ്പൂര്,പ്ലാത്തറ,കുഞ്ചം,പരിയാരം എന്നീ സ്ഥലങ്ങളിൽ ഭൂമാഫിയ കുന്നുകളിടിച്ചു മാറ്റി സമീപപ്രദേശത്തെ വയലുകൾ നികത്തുന്നതായാണ് ആരോപണം.

കഴിഞ്ഞ കുറച്ച് നാളുകളായി വൻതോതിലാണ് ഈ പ്രദേശങ്ങളിൽ അനധികൃതമായി മണ്ണിടി നടക്കുന്നത്. വീട് വയ്ക്കാൻ എന്ന വ്യാജേന ജിയോളജി വകുപ്പിൽ നിന്ന് 5സെന്റ് ഭൂമിയിൽ നിന്ന് മണ്ണ് മാറ്റുന്നതിനായി അനുമതി വാങ്ങുകയും തുടർന്ന് ആ പ്രദേശം മുഴുവൻ ഭൂമിയും ഇടിച്ചു നീക്കുകയും ചെയ്യുകയാണെന്ന് നാട്ടുകാർ പറഞ്ഞു. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ടിപ്പർ ലോറിയെയും പൊടിപടലങ്ങളെയും പേടിച്ചാണ് സ്കൂളുകളിലേക്കും മറ്റും പോകുന്നത്.വേങ്കോട് ഭാഗത്തെ കുന്നുകൾ ഇടിച്ചു മാറ്റുന്നതിനെതിരെ പരാതികൾ നൽകിയെങ്കിലും യാതൊരുവിധ നടപടിയും എടുത്തില്ലെന്ന് നാട്ടുകാർ പറയുന്നു. ഉദ്യോഗസ്ഥർ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ബി.ജെ.പി വട്ടപ്പാറ മേഖല കമ്മിറ്റി അറിയിച്ചു.