പൊലീസ് ഒഴിവാക്കിയ പ്രതികൾ കോടതിയിലെത്തി ജാമ്യമെടുത്തു

Wednesday 15 February 2023 12:04 AM IST

തിരുവനന്തപുരം: നെടുമങ്ങാട് പൊലീസ് കുറ്റപത്രത്തിൽ നിന്നൊഴിവാക്കിയ പ്രതികൾ കോടതി നിർദ്ദേശത്തെ തുടർന്ന് കോടതിയിൽ നേരിട്ട് ഹാജരായി ജാമ്യമെടുത്തു. വിചാരണയ്‌ക്കിടെ ഇര നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ കോടതി പ്രതികളാക്കിയത്. ആറാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ.വിഷ്ണുവാണ് കേസ് പരിഗണിച്ചത്.

നെടുമങ്ങാട് നെട്ടറക്കോണം ഷിബു, ആര്യനാട് അജയൻ എന്നിവരാണ് ജാമ്യമെടുത്തത്. ഇവരുടെ കള്ളുഷാപ്പിലെ ജീവനക്കാരനായ ആനാട് നാഗഞ്ചേരി സ്വദേശി ലാലു എന്ന ബാലചന്ദ്രനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് നടപടികൾ. തന്നെ വെട്ടിയത് ഷിബുവും അജയനുമാണെന്ന് പറഞ്ഞിട്ടും അവരെ നെടുമങ്ങാട് പൊലീസ് പ്രതികളാക്കിയില്ലെന്ന് വിചാരണയ്‌ക്കിടെ ബാലചന്ദ്രൻ കോടതിയെ അറിയിച്ചു. ഇതിനെ സംബന്ധിച്ച് കോടതി അഡിഷണൽ ജില്ലാ ഗവൺമെന്റ് പ്ലീഡർ എം. സലാഹുദ്ദീനോട് വിശദീകരണം തേടിയിരുന്നു.

സാക്ഷി പറഞ്ഞത് സത്യമാണെന്നും ഇക്കാര്യം അന്നത്തെ എസ്.ഐ ആയിരുന്ന ആർ. വിജയൻ അന്നത്തെ സി.ഐയും ഇപ്പോൾ എക്‌സൈസ് വിജിലൻസ് എസ്.പിയുമായിരുന്ന കെ.മുഹമ്മദ് ഷാഫിയോട് പറഞ്ഞിട്ടുള്ളതായി കേസ് ഡയറിയിലുണ്ടെന്നും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. സാക്ഷി പേര് പറഞ്ഞ ഷിബുവിനെയും അജയനെയും പ്രതിയാക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂട്ടർ തന്നെ ഹർജിയും ഫയൽ ചെയ്‌തു. തുടർന്ന് പ്രോസിക്യൂഷൻ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

2008 ഏപ്രിൽ 15നാണ് പ്രതികൾ ബാലചന്ദ്രനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. പ്രതികളുടെ ഉടമസ്ഥതയിലുള്ള ഷാപ്പിലെ കള്ളിന് വീര്യം കൂട്ടാൻ വ്യാജ സ്‌പിരിറ്റ് ചേർക്കാൻ ബാലചന്ദ്രൻ തടസമായി നിന്നതാണ് ആക്രമണത്തിന് കാരണം. നെട്ടറക്കോണം ഷിബുവിനെയും ആനാട് അജയനെയും ഒഴിവാക്കി മറ്റ് ആറുപേരെ പ്രതി ചേർത്താണ് നെടുമങ്ങാട് പൊലീസ് കുറ്റപത്രം നൽകിയിരുന്നത്.