കെ.ഇ.കെ 4307: ഇത് സൈമണി​ന്റെ ജീവിതകഥ

Wednesday 15 February 2023 12:14 AM IST

കോട്ടയം: പേരില്ലെങ്കിലും കെ.ഇ.കെ 4307 എന്ന നമ്പരിലുള്ള ഓട്ടോറിക്ഷ 32 വർഷമായി സൈമണിന്റെ ഹൃദയമാണ്. 1987 മോഡൽ ബജാജ് ഫ്രണ്ട് എ‍ൻജിൻ ഓട്ടോയുമായി എസ്.എച്ച് മൗണ്ട് മഠത്തിൽപറമ്പിൽ സൈമൺ എബ്രഹാം (66) ജൈത്ര യാത്ര തുടരുകയാണ്.

1981, ബജാജ് ഫ്രണ്ട് എൻജിൻ മോഡൽ ഓട്ടോ തരംഗമായ സമയത്താണ് സൈമണും ആ സ്വപ്നം കണ്ടു തുടങ്ങിയത്. എന്നാൽ കൈയിലൊതുങ്ങാത്ത വില കാരണം ആ സ്വപ്നം മനസിൽ സൂക്ഷിച്ചു.

1989ൽ വിവാഹശേഷം വീണ്ടും ഓട്ടോ സ്വപ്നം സൈമൺ പൊടിതട്ടിയെടുത്തു. അങ്ങനെ മറ്റൊരാളിൽ നിന്ന് 1991ൽ 18,000 രൂപയ്‌ക്ക് ഓട്ടോ സ്വന്തമാക്കി. പേരിട്ടില്ലെങ്കിലും അന്ന് മുതൽ കെ.ഇ.കെ 4307 നമ്പർ ഓട്ടോ സൈമണിന്റെ ജീവിത ഭാഗമായി. ഓട്ടോയിൽ നിന്നുള്ള വരുമാനത്തിലാണ് മൂന്നു മക്കളെയും പഠിപ്പിച്ചത്. ഓട്ടോയ്ക്ക് ചെലവ് കുറവാണെന്ന് സൈമൺ പറയുന്നു. ഇപ്പോൾ ദീർഘദൂര ഓട്ടം പോകാറില്ല. കളക്ടറേറ്റ് ​സ്റ്റാൻഡിലാണ് സൈമൺ ഓട്ടോ ഓടുന്നത്.

കല്യാണത്തിലും ​സ്റ്റാറാകും വർഷങ്ങൾക്ക് മുമ്പ് പൊൻകുന്നത്തു നിന്ന് കുറച്ചുപേർ വന്നു ഓട്ടോ ചോദിച്ചു. കല്യാണത്തിന് വധൂവരന്മാർക്ക് സഞ്ചരിക്കാനായി വ്യത്യസ്തമായ, പഴമ നിറയുന്ന ഓട്ടോ വേണം. അങ്ങനെ അതിനായി നൽകി. സിനിമയ്ക്കായി ധാരാളം പേർ ചോദിക്കുന്നുണ്ടെങ്കിലും പിരിയാൻ മടിയായതിനാൽ സൈമൺ വിട്ടുകൊടുക്കാറില്ല.