പ്രതിരോധ രംഗത്തിന്റെ വ്യവസായ സാദ്ധ്യത
ഇന്ത്യയുടെ ബഡ്‌ജറ്റിൽ ഏറ്റവും കൂടുതൽ തുകനീക്കിവയ്ക്കുന്ന മേഖലയിൽ മുൻപന്തിയിലാണ് പ്രതിരോധരംഗം. രാജ്യത്തിന്റെ സുരക്ഷിതത്വത്തിന്റെ കാര്യമായതിനാൽ കുറവ് വരുത്താനാവില്ല. 2023 - 24 ലെ ബഡ്‌ജറ്റിൽ 5.94 ലക്ഷം കോടിയാണ് പ്രതിരോധരംഗത്തിന് അനുവദിച്ചത്. 22 - 23ൽ ഇത് 5.25 ലക്ഷം കോടിയായിരുന്നു. കര, നാവിക, വായു സേനകളിലായി മൂന്ന് ലക്ഷത്തോളം ഭടന്മാരാണുള്ളത്. ഇവരുടെയും റിസർവ് സേനയുടെയും ശമ്പളത്തിനും പെൻഷനും യുദ്ധക്കോപ്പുകളും വിമാനങ്ങളും അനുബന്ധസാമഗ്രികളും വാങ്ങുന്നതിനുമാണ് പണം ചെലവഴിക്കുന്നത്. മാന്യമായ ശമ്പളം ലഭിക്കുന്ന പ്രതിരോധസേനകളിലൊന്നാണ് ഇന്ത്യയുടേത്.
പ്രതിരോധരംഗത്തിന്റെ വമ്പൻ ബഡ്‌ജറ്റിൽനിന്ന് സിംഹഭാഗവും യുദ്ധസാമഗ്രികൾക്കായും മറ്റും അന്യരാജ്യങ്ങളിലേക്ക് ഒഴുകുന്നത് പതിവാണ്. രണ്ടുലക്ഷം കോടിയോളം രൂപയാണ് കഴിഞ്ഞവർഷം ചെലവഴിച്ചത്. അത്യന്താധുനിക യുദ്ധവിമാനങ്ങളും ടാങ്കുകളും തോക്കുകളും കമ്മ്യൂണിക്കേഷൻ ഉപകരണങ്ങളുമില്ലാതെ സേനകൾക്ക് പിടിച്ചുനില്‌ക്കാനാവില്ല. പാകിസ്ഥാന് പുറമെ ചൈനയിൽനിന്നും യുദ്ധഭീഷണി നിലനില്‌ക്കുന്നതിനാൽ യുദ്ധസാമഗ്രികൾ വാങ്ങുന്നതിൽ അമാന്തം വരുത്താനാവില്ല. പണം ചെലവഴിക്കാൻ മാത്രമുള്ളതാണ് പ്രതിരോധമെന്ന ധാരണ മാറിവരുന്നെന്ന് മാത്രമല്ല ഭാവിയിൽ ഇന്ത്യയ്ക്ക് ഏറ്റവുമധികം വിദേശനാണ്യം നേടിത്തരുക ഡിഫൻസ് വകുപ്പായിരിക്കുമെന്ന് പ്രവചിക്കാവുന്ന രീതിയിലുമാണ് കാര്യങ്ങൾ. ഇന്ത്യൻ പ്രതിരോധ ഉത്‌പന്നങ്ങളുടെ കയറ്റുമതി 12,500 കോടി കവിഞ്ഞെന്നും 2024-25ൽ ഇത് 40,000 കോടിയിലെത്തുമെന്നും പ്രധാനമന്ത്രിമോദി ബംഗളൂരുവിൽ എയ്‌റോ ഇന്ത്യ 2023 പ്രദർശനം ഉദ്ഘാടനംചെയ്ത് പറയുകയുണ്ടായി. വിവിധ രാജ്യങ്ങളിലെ പ്രതിരോധ സ്ഥാപനങ്ങളുമായി 75,000 കോടിയുടെ നിക്ഷേപകരാർ ഇന്ത്യ പ്രതീക്ഷിക്കുന്നു. പ്രതിരോധരംഗത്ത് ഏറ്റവും വലിയ ഇറക്കുമതി രാജ്യമായിരുന്നു ഒമ്പതുവർഷം മുമ്പ് വരെ ഇന്ത്യ. എന്നാലിന്ന് 75 രാജ്യങ്ങളിലേക്ക് പ്രതിരോധസാമഗ്രികൾ ഇന്ത്യ കയറ്റുമതി ചെയ്യുന്നു. പ്രതിരോധരംഗത്തിന്റെ വിപുലമായ വ്യവസായ സാദ്ധ്യതയാണ് ഇത് തുറന്നിടുന്നത്. സ്വകാര്യ മേഖലയേയും ഇതിൽ പങ്കാളികളാക്കുന്നത് ഏറ്റവും വലിയ മാറ്റമാണ്. വിമാനവാഹിനി കപ്പൽ ഐ.എൻ.എസ് വിക്രാന്ത്, തേജസ് ഫൈറ്റർ, ഹെലികോപ്ടർ എന്നിവ ലോകോത്തര നിലവാരത്തിൽ നിർമ്മിച്ച് ഇന്ത്യ കരുത്ത് തെളിയിച്ചിട്ടുണ്ട്. വിമാനവാഹിനി കപ്പൽ പൂർണമായും നിർമ്മിച്ചത് കൊച്ചിൻ ഷിപ്പ്‌യാർഡിലാണെന്നത് മലയാളികൾക്കും അഭിമാനമാണ്.
കർണാടകത്തിലെ തുംകൂറിലും ഗുജറാത്തിലെ സൂറത്തിലും ഒരുങ്ങുന്നത് ലോകത്തിലെ ഏറ്റവും വലിയ ഹെലികോപ്‌ടർ നിർമ്മാണ ഫാക്ടറികളാണ്. കേന്ദ്രസർക്കാർ നടപടിക്രമങ്ങൾ ലഘൂകരിച്ചതിലൂടെ ഈ മേഖലയിലേക്ക് വിദേശനിക്ഷേപവും ആകർഷിക്കാനായി. ബംഗളൂരു യെലഹങ്ക വ്യോമസേനാ താവളത്തിൽ 17 വരെ നടക്കുന്നത് ഏഷ്യയിലെ ഏറ്റവും വലിയ വ്യോമപ്രദർശനമാണ്. എയ്‌റോ ഇന്ത്യ വെറും പ്രദർശനവും വിദേശ കമ്പനികൾക്ക് ഉപകരണങ്ങൾ വില്‌ക്കാനുള്ള ഇടവുമായിരുന്നെങ്കിൽ ഇന്നത് രാജ്യത്തിന്റെ ശക്തി തെളിയിക്കുന്നെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
കേന്ദ്ര പ്രതിരോധമന്ത്രാലയവും പ്രതിരോധഗവേഷണ വികസന സ്ഥാപനമായ ഡി.ആർ.ഡി.ഒയും ചേർന്ന് നടത്തുന്ന പ്രദർശനത്തിൽ 32 രാജ്യങ്ങളിലെ പ്രതിരോധമന്ത്രിമാരും 29 വ്യോമസേനാ തലവന്മാരും 73 കമ്പനികളുടെ സി.ഇ.ഒമാരും പങ്കെടുക്കുന്നുണ്ട്. ഇവരൊക്കെ ഇന്ത്യൻ പ്രതിരോധരംഗത്തിന്റെ വൻ വ്യവസായസാദ്ധ്യത മുന്നിൽക്കണ്ട് എത്തുന്നതാണ്. ബഡ്‌ജറ്റിൽ ഏറ്റവും വലിയ വരുമാനം നല്‌കുന്ന മേഖലകളിലൊന്നായി പ്രതിരോധരംഗം മാറാതിരിക്കില്ല. പുതിയ ഇന്ത്യ കുതിച്ചുയരുന്ന യുദ്ധവിമാനം പോലെയാണെന്നും അതിലെ പൈലറ്റിനെപ്പോലെ ഇന്ത്യ മുന്നോട്ട് വേഗത്തിൽ ചിന്തിക്കുകയും തീരുമാനങ്ങളെടുക്കുകയും ചെയ്യുന്നുവെന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ ആ വളർച്ചയ്ക്ക് അടിവരയിടുന്നു.