നാട്ടിൻപുറങ്ങളിൽ ഇനി 'ചക്കോത്സവം"

Wednesday 15 February 2023 12:47 AM IST

കോട്ടയം: നാട്ടിൻപുറത്തെ തീൻമേശകളിലെല്ലാം ഇപ്പോൾ ചക്കയാണ് പ്രധാനവിഭവം. ചക്ക വാങ്ങാൻ തമിഴ്നാട്ടിൽ നിന്നുള്ള സംഘവും സജീവമാണ്. പ്ലാവുകളുള്ള വീടുകളിൽ പെട്ടി ഓട്ടോയുമായെത്തി ഇടിച്ചക്കപ്പരുവം മുതലുള്ളവയാണ് ശേഖരിക്കുന്നത്.

അധികം വലിപ്പമില്ലാത്ത ചക്കയാണ് വ്യാപാരികൾ വാങ്ങുന്നത്. വലിപ്പവും നീളവും ആറ് കിലോ വരെ തൂക്കവും ഉള്ളതനുസരിച്ച് 50 രൂപ വരെയാണ് വില. എന്നാൽ വാങ്ങാൻ ചെന്നാൽ വില രണ്ടു മൂന്നും ഇരട്ടിയാവും. അനുകൂല കാലാവസ്ഥയാണ് ചക്കയ്ക്ക് ഇത്തവണ തുണയായത്. മലയോരത്തെ പ്ളാവുകളിലെല്ലാം നിറയെ കായ്ഫലമാണ്.

ചക്ക വേവിക്കാം, ഉപ്പേരിയാക്കാം. കുരു തോരനും മെഴുക്കുപുരട്ടിയും കൂട്ടാനുമാക്കാം. ചക്കക്കൂഞ്ഞും തോരൻ വയ്ക്കാം. മടലും ചകിണിയും കന്നുകാലിക്ക് തീറ്റയാക്കാം. ചുരുക്കത്തിൽവെറുതേ കളയാൻ ചക്കയിലൊന്നുമില്ല.

ആരോഗ്യത്തിനും ചക്ക

 ജീവകങ്ങളും മൂലകങ്ങളും നാരുകളും നിറഞ്ഞത്

 പ്രമേഹരോഗികൾക്കും ഉത്തമം

 ചുളയിൽ രണ്ടു ശതമാനം പ്രോട്ടീനും ഒരു ശതമാനം കൊഴുപ്പും

 74 ശതമാനം വെള്ളവും 23 ശതമാനം അന്നജവും

 വരുംകാല വിള

മണ്ണിൽ ആഴ്ന്നിറങ്ങി പടരുന്ന വേരുപടലങ്ങളുള്ള പ്ലാവിന് കനത്ത വരൾച്ചയിലും പിടിച്ചുനിൽക്കാനും ഫലം നൽകാനുമാകും. ഇവയുടെ ഇലകളിലുള്ള കട്ടിയേറിയ ആവരണം ബാഷ്പീകരണം കുറയ്ക്കും. റബർ നിരാശ സമ്മാനിക്കുമ്പോൾ വരുംകാലത്തേക്കുള്ള വിളയായിരിക്കും പ്ലാവ്.

Advertisement
Advertisement