ഉത്തരവിനോട് മുഖം തിരിച്ച് ഹോട്ടലുകൾ: ഭക്ഷണപ്പൊതികളിൽ സ്റ്റിക്കർ അയിത്തം

Wednesday 15 February 2023 12:57 AM IST

കോട്ടയം: ഭക്ഷണ പാഴ്സലുകളിൽ ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പുള്ള സ്ലിപ്പോ സ്റ്റിക്കറോ ഒട്ടിക്കണമെന്ന ഉത്തരവിനോട് മുഖം തിരിച്ച് ഹോട്ടലുകൾ. ഫെബ്രുവരി ഒന്നു മുതലാണ് ഉത്തരവ് നിലവിൽ വന്നത്. പാഴ്സൽ നൽകുന്ന എല്ലാ സ്ഥാപനങ്ങളും ഉത്തരവ് പാലിക്കണം. എന്നാൽ പതിനഞ്ചു ദിവസത്തിന് ശേഷവും പലരും ഇത് നടപ്പാക്കാത്തത് ഭക്ഷ്യസുരക്ഷയ്‌ക്കും വെല്ലുവിളിയാകുന്നുണ്ട്.

പുതുപ്പള്ളി സർക്കിളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ എട്ടു സ്ഥാപനങ്ങളിൽ നാലുപേർ ഉത്തരവ് പാലിക്കുന്നില്ലെന്ന് കണ്ടെത്തി. ഇതിൽ രണ്ട് സ്ഥാപനങ്ങൾക്ക് പിഴ ചുമത്താനും രണ്ടിടത്ത് ന്യൂനത പരിഹരിക്കാനുള്ള നോട്ടീസും നൽകി. അതേസമയം കോട്ടയം ന​ഗരത്തിലെ 11 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ എല്ലാവരും ഉത്തരവ് പാലിക്കുന്നതായും കണ്ടെത്തി. ഓൺലൈനിലൂടെയുള്ള പാഴ്സലിലും മുന്നറിയിപ്പുണ്ട്. എന്നാൽ തട്ടുകടകളടക്കം ഉത്തരവ് പാലിക്കുന്നില്ലെന്നും പരാതിയുണ്ട്.

സ്ലിപ്പിൽ വേണ്ടത്  ഭക്ഷണം പാകം ചെയ്ത തീയതി, സമയം

 എത്ര സമയത്തിനുള്ളിൽ കഴിക്കണം  ഓൺലൈൺ ഡെലിവറി സമയം

 ഹൈ റിസ്‌ക് ഹോട്ട് ഫുഡ്‌സ് വിഭാഗത്തിലുള്ള ഭക്ഷണം പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ ഉപയോഗിക്കണം

 വിതരണ സമയത്ത് 60 ഡിഗ്രി ഊഷ്മാവ് നിലനിറുത്തണം

'ഭക്ഷ്യസുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ ​സ്റ്റിക്കറോ ഇല്ലാത്ത പാഴ്സലുകൾ നിരോധിച്ചുള്ള ഉത്തരവ് എല്ലാ സ്ഥാപനങ്ങളും പാലിക്കണം. പാലിക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കും".

- ദിവ്യ, ഫുഡ് സേഫ്റ്റി നോഡൽ ഓഫീസർ