ചൈനയുടെ വാദം പൊളിയുന്നു, അവശി​ഷ്ടങ്ങളിൽ സെൻസറുകളും ഇലക്ട്രോണി​ക് ഉപകരണങ്ങളും; തെളി​വുകൾ ചാരപ്പണി ബലപ്പെടുത്തുന്നത്

Wednesday 15 February 2023 12:09 AM IST

ന്യൂയോർക്ക്: കഴി​ഞ്ഞ ദി​വസം വെടി​വച്ചി​ട്ട ബലൂണി​ന്റെ അവശി​ഷ്ടങ്ങളി​ൽ നി​ന്ന് വിവരശേഖരത്തിനുള്ള സെൻസറുകളും ഇലക്ട്രോണി​ക് ഉപകരണങ്ങളും യു.എസ് സൈനി​കർ കണ്ടെടുത്തു. ചാരവൃത്തി​ക്ക് ഉപയോഗി​ച്ചുവെന്ന് കരുതുന്ന ഈ ഉപകരണങ്ങൾ ഫെഡറൽ ബ്യൂറോ ഒഫ് ഇൻവെസ്റ്റി​ഗേഷൻ പരി​ശോധി​ച്ചു വരികയാണ്.

30-40 അടി​ നീളം വരുന്ന ആന്റി​ന​കളും ഇതി​ൽ ഉൾപ്പെടുന്നതായി​ സൈനി​ക ഉദ്യോഗസ്ഥർ അറി​യി​ച്ചു. ഉയരത്തി​ൽ തങ്ങുന്ന ബലൂണുകൾ ചൈന നി​രീക്ഷണത്തി​നായി​ ഉപയോഗി​ച്ചതാണെന്ന് യു.എസ് സൈനി​കോദ്യഗസ്ഥർ പറയുമ്പോൾ അവ കാലാവസ്ഥാ നി​രീക്ഷണത്തി​നായി​ ഉപയോഗി​ച്ചതാണെന്നും നി​യന്ത്റണം ​തെറ്റി​ വന്നതാണെന്നുമാണ് ചൈനയുടെ വാദം. എന്നാൽ, സെൻസറുകളും ഉപകരണങ്ങളും കണ്ടെടുത്തതോടെ ചൈനയുടെ വാദം പൊളിയുകയാണ്.

കഴി​ഞ്ഞ തിങ്കളാഴ്ച കനേഡിയൻ അതിർത്തിക്ക് സമീപം ഹ്യൂറൺ തടാകത്തിന് മുകളിൽ വച്ച് നാലാമത്തെ പേടകവും യു.എസിന്റെ എഫ് - 16 യുദ്ധവിമാനത്തിൽ നിന്ന് തൊടുത്ത മിസൈൽ തകർത്തു. ആദ്യം പ്രത്യക്ഷപ്പെട്ട ബലൂണി​നേക്കാൾ ചെറുതാണ് പി​ന്നീട് കണ്ട മൂന്ന് പേടകങ്ങളും. അജ്ഞാതപേടകങ്ങൾ അവ വീണ പ്രദേശങ്ങളി​ലുള്ള ജനങ്ങൾക്ക് യാതൊരു വി​ധത്തി​ലും ഭീഷണി​യാവി​ല്ലെന്ന് വൈറ്റ് ഹൗസ് വക്താവ് ജോൺ​ കി​ർബി​ പറഞ്ഞു. രാജ്യത്തി​ന്റെ സുരക്ഷി​തത്വത്തി​നും വി​മാനപാതയി​ൽ തടസ്സമുണ്ടാക്കാതി​രി​ക്കാനുമാണ് അവ തകർത്തത്. സൗത്ത് കരോലി​നയി​ൽ വെടി​വച്ചി​ട്ട ബലൂണി​ന് മൂന്ന് ബസുകളുടെ വലി​പ്പമുണ്ടായി​രുന്നു. അലാസ്കയി​ൽ കണ്ട രണ്ടാമത്തെ പേടകത്തി​ന് ഒരു കാറി​ന്റെ വലി​പ്പവും യൂകോണി​ൽ കണ്ടെത്തി​യത് സി​ലി​ണ്ടർ ആകൃതി​യുമായിരുന്നു. സിലിണ്ടർ ആകൃതിയിൽ ലോഹനിർമ്മിതമായ പേടകത്തിന്റെ അടിഭാഗത്ത് സ്ഫോടനശേഷിയുള്ള വസ്തു പോലെയുള്ള ഒന്ന് കാണാൻ കഴിഞ്ഞിരുന്നു.

മിഷിഗണിൽ കണ്ടെത്തിയ നാലാമത്തെ പേടകം അഷ്ടകോണാകൃതിയിലുള്ളതും ഞാത്തിയ ചരടുകൾ ഉള്ളതുമായിരുന്നു. കടലിൽ വീണ അവശിഷ്ടങ്ങൾ മുങ്ങിപ്പോയതിനാൽ അവ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഏറ്റവും ആദ്യം തകർത്ത പേടകത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുക്കാൻ വൈകിയത് മോശം കാലാവസ്ഥയായിരുന്നതിനാലാണെന്ന് സൈനികോദ്യഗസ്ഥരുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. തകർത്ത മറ്റ് പേടകങ്ങളുടെയും അവശിഷ്ടങ്ങൾ കണ്ടെത്താനുള്ളശ്രമം തുടരുകയാണ്.

കാനഡ അതിർത്തിയായ യൂകോണിൽ മിസൈൽ തകർത്ത പേടകത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുക്കാൻ കനേഡിയൻ ഫെഡറൽ പൊലീസും സഹകരിക്കുന്നുണ്ട്. 3000 ചതുരശ്രകിലോമീറ്റർ വരുന്ന പർവ്വതപ്രദേശത്ത് മഞ്ഞുറഞ്ഞിട്ടുള്ളതിനാൽ അവശിഷ്ടങ്ങൾ കണ്ടെടുക്കുക ശ്രമകരമാണ്. വിദൂരപ്രദേശത്ത് നിന്ന് അവ കണ്ടുകിട്ടാൻ സാദ്ധ്യതയില്ലെന്നും പൊലീസ് അറിയിച്ചു. അവശിഷ്ടങ്ങൾ പൊതുജനങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെങ്കിൽ പൊലീസുമായി ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്.

ആദ്യ ബലൂൺ ജനുവരി 28ന് അലൂഷ്യൻ ദ്വീപുകൾക്കു സമീപം വ്യോമാതിർത്തിയിലെത്തിയപ്പോഴാണ് യു.എസിന്റെ ശ്രദ്ധയിൽപ്പെട്ടത്. ജനങ്ങൾക്ക് അപകടമുണ്ടാക്കാത്ത വിധത്തിൽ ബലൂൺ തകർക്കാൻ പ്രസിഡന്റ് ജോ ബൈഡൻ അനുമതി നൽകിയതോടെയാണ് ബലൂൺ വീഴ്ത്തിയത്.

അതേസമയം, യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കൻ വിഷയം ചൈനയുടെ ഏറ്റവും മുതിർന്ന നയതന്ത്രജ്ഞനായ വാംഗ് യീയുമായി അടുത്തയാഴ്ച ജർമ്മനിയിലെ മ്യൂണിക്കിൽ നടക്കുന്ന സുരക്ഷാ കോൺഫറൻസിൽ ചർച്ച ചെയ്തേക്കുമെന്ന് യു.എസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചൈനയുടെ ബലൂൺ കണ്ടെത്തിയതിനെ തുടർന്ന് ബ്ളിങ്കൻ ചൈനയിൽ കഴിഞ്ഞയാഴ്ച നടത്താനിരുന്നു സന്ദർശനം റദ്ദാക്കിയിരുന്നു.