യഥാർത്ഥ സ്ഥിതി ജനവും അറിയട്ടെ

Wednesday 15 February 2023 12:00 AM IST

കേരളത്തിനുള്ള ജി.എസ്.ടി നഷ്ടപരിഹാരം സംബന്ധിച്ച തർക്കം കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ വെളിപ്പെടുത്തിയ പ്രസ്താവനയോടെ പുതിയൊരു വിവാദത്തിനു വഴിതുറന്നിരിക്കുകയാണ്. അഞ്ചുവർഷമായി എ.ജി സാക്ഷ്യപ്പെടുത്തിയ കണക്കു സമർപ്പിക്കാത്തതിനാലാണ് നഷ്ടപരിഹാരം കൃത്യമായി കണക്കാക്കാൻ കഴിയാത്തതെന്നാണ് കേന്ദ്രമന്ത്രി വ്യക്തമാക്കിയത്. കൃത്യമായ കണക്കു സമർപ്പിക്കുമ്പോൾ കുടിശികയുണ്ടെങ്കിൽ നല്‌കാൻ കേന്ദ്രം സന്നദ്ധമാണെന്നും അവർ പറഞ്ഞിട്ടുണ്ട്. കേരളം ഇതുവരെ ആവർത്തിച്ചുകൊണ്ടിരുന്ന വസ്തുതകളിൽ ചിലത് നിരാകരിക്കുന്നതാണ് കേന്ദ്രധനമന്ത്രിയുടെ വാക്കുകൾ.

ജി.എസ്.ടി നഷ്ടപരിഹാര കുടിശിക അടക്കമുള്ള വിഹിതങ്ങൾ കേന്ദ്രം കൃത്യമായി നല്‌കാത്തതാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്കു കാരണമെന്ന മട്ടിലാണ് സംസ്ഥാനധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉൾപ്പെടെയുള്ള ഭരണമുന്നണി നേതാക്കൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാൽ 2017ൽ ജി.എസ്.ടി പ്രാബല്യത്തിലായതോടെ ഇക്കഴിഞ്ഞ വർഷങ്ങളിൽ ഈയിനത്തിൽ എത്രമാത്രം നഷ്ടമുണ്ടായെന്ന് കൃത്യമായി പറയാൻ സംസ്ഥാനത്തിന് കഴിയാത്തത് എന്തുകൊണ്ടാണ്? അനുമാനക്കണക്കുവച്ച് നഷ്ടം നികത്തണമെന്നു പറയാനാവില്ലല്ലോ. എ.ജി അംഗീകരിച്ച കണക്ക് ഹാജരാക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രധനവകുപ്പ് സംസ്ഥാനങ്ങൾക്ക് ജി.എസ്.ടി നഷ്ടപരിഹാരം നല്‌കിവന്നത്. കേരളം കണക്കൊന്നും നല്‌കാതിരുന്നതുകൊണ്ട് മുൻവർഷങ്ങളിലെ ശരാശരി വരുമാനം അടിസ്ഥാനപ്പെടുത്തിയാവാം നഷ്ടപരിഹാരം കണക്കാക്കിയത്.

കേരളം എ.ജിയുടെ സാക്ഷ്യപത്രം സമർപ്പിച്ചില്ലെന്നത് ഗുരുതരവീഴ്ചയാണ്. സംസ്ഥാനധനമന്ത്രി കേന്ദ്രമന്ത്രിയുടെ ആക്ഷേപം കൈയോടെ നിഷേധിച്ചുവെന്നത് മറ്റൊരു കാര്യം. എ.ജി കണക്കുകൾ പരിശോധിച്ച് സാക്ഷ്യപത്രം നല്‌കാത്തതുകൊണ്ടാണ് യഥാസമയം കേന്ദ്രത്തിനു സമർപ്പിക്കാൻ കഴിയാതിരുന്നതെന്നാണ് സംസ്ഥാന ധനമന്ത്രിയുടെ വിശദീകരണം. നിർമ്മല സീതാരാമന്റെ ആക്ഷേപം ശരിവയ്ക്കുന്നതാണു പരാമർശം. സംസ്ഥാന അക്കൗണ്ടന്റ് ജനറൽ കൃത്യമായി സാക്ഷ്യപത്രം നല്‌കാൻ പതിവിലേറെ സമയമെടുത്തെങ്കിൽ നടപടികൾ ത്വരിതപ്പെടുത്താൻ സംസ്ഥാനത്തിന് ആവശ്യപ്പെടാമായിരുന്നു. എ.ജിയുടെ ഭാഗത്തുണ്ടാകുന്ന വീഴ്ചയാണ് നഷ്ടക്കണക്കു സംബന്ധിച്ച സാക്ഷ്യപത്രം സമർപ്പിക്കാൻ തടസമാകുന്നതെന്ന വിവരം അതതു സമയത്ത് കേന്ദ്രധനവകുപ്പിനെ അറിയിക്കാമായിരുന്നു. അങ്ങനെയൊന്നും ഉണ്ടായിട്ടില്ലെന്നല്ലേ കേന്ദ്രമന്ത്രിയുടെ പ്രസ്താവന വ്യക്തമാക്കുന്നത്. റിപ്പോർട്ടുകൾ ആവശ്യമായ സാക്ഷ്യപത്രങ്ങൾ സഹിതം ഡൽഹിയിലേക്കു പോകുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ആവശ്യത്തിലേറെ ഉദ്യോഗസ്ഥരുള്ളതല്ലേ? അവരൊക്കെ എന്ത് ചെയ്യുകയാണ്?

ജി.എസ്.ടി കുടിശിക സംബന്ധിച്ച് കേന്ദ്രവുമായി കേരളത്തിന് ഒരു തർക്കവുമില്ലെന്നാണ് ധനമന്ത്രി ബാലഗോപാൽ ഇപ്പോൾ പറയുന്നത്. കുടിശികയിനത്തിൽ 750 കോടി രൂപയേ ലഭിക്കാനുള്ളൂ എന്നും വ്യക്തമാക്കുന്നുണ്ട്. ജനങ്ങളെയാകെ ചിന്താക്കുഴപ്പത്തിലാക്കുന്നതാണ് കേന്ദ്ര - കേരള മന്ത്രിമാരുടെ വെളിപ്പെടുത്തൽ. ജി.എസ്.ടി കുടിശിക നല്‌കുന്നതിൽ സംസ്ഥാനം നേരിടുന്ന അവഗണനകൂടി കണക്കിലെടുത്താണ് ബഡ്‌ജറ്റിൽ നാലായിരത്തോളം കോടി രൂപയുടെ അധിക നികുതിനിർദ്ദേശങ്ങൾ കൊണ്ടുവന്നതെന്നാണ് പറഞ്ഞിരുന്നത്. കേന്ദ്ര ധനമന്ത്രിയുടെ വെളിപ്പെടുത്തലിനെത്തുടർന്ന് യഥാർത്ഥ വസ്തുതയറിയാൻ ജനങ്ങൾക്കു താത്‌പര്യമുണ്ടാകും. 2018 മുതൽ ഇതുവരെ നികുതി കുടിശികയിനത്തിൽ സംസ്ഥാനത്തിന് 41779 കോടി രൂപ ലഭിച്ചിട്ടുണ്ട്. കൃത്യമായ കണക്കുകൾ നല്‌കിയിരുന്നെങ്കിൽ ഇതിലും കൂടുതൽ ലഭിക്കേണ്ടതായിരുന്നു. ആധികാരിക കണക്ക് സമർപ്പിക്കാൻ ഇനിയും അവസരമുള്ള സ്ഥിതിക്ക് ആവശ്യമായ രേഖകൾ സഹിതം കുടിശിക പൂർണമായും നേടിയെടുക്കാൻ ശ്രമിക്കാം. കുത്തഴിഞ്ഞ കണക്കുപുസ്തകവുമായി ശ്രമിച്ചാൽ കിട്ടിയെന്നു വരില്ല. ഇന്ധനസെസ് ഏർപ്പെടുത്തുന്നതിന് മുന്നോട്ടുവച്ച കാരണങ്ങളിലൊന്ന് കേന്ദ്രഫണ്ട് ലഭിക്കുന്നതിലെ വിവേചനമാണെന്ന സർക്കാർ നിലപാട് പരോക്ഷമായെങ്കിലും ചോദ്യം ചെയ്യുന്നതാണ് ജി.എസ്.ടി കുടിശിക പ്രശ്നത്തിൽ കേന്ദ്രമന്ത്രിയുടെ പ്രസ്താവന. സംസ്ഥാനത്തിന്റെ ഉദാസീനതയാണ് അർഹമായ നഷ്ടപരിഹാരം ലഭിക്കാൻ തടസമായത്. ആക്ഷേപങ്ങളിൽ കഴമ്പില്ലെന്നു വ്യക്തമായ സ്ഥിതിക്ക് കേന്ദ്രം നിർദ്ദേശിച്ചപ്രകാരം അഞ്ചുവർഷത്തെ കണക്കുകൾ എ.ജിയുടെ സാക്ഷ്യപത്രത്തോടൊപ്പം സമർപ്പിക്കാൻ ശ്രമിക്കണം.

Advertisement
Advertisement