ഭൂകമ്പമരണം 37000 കടന്നു, നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ദുരന്തമെന്ന് ഡബ്ളിയു എച്ച് ഒ; ബാധിച്ചത് 70 ലക്ഷം കുഞ്ഞുങ്ങളെ

Wednesday 15 February 2023 12:19 AM IST

ഇസ്താംബുൾ: തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ മരണമടഞ്ഞവരുടെ എണ്ണം 37000 കടന്നു. 33000 പേർ തുർക്കിയിലും 4000ത്തോളം പേർ സിറിയയിലും മരണപ്പെട്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നൂറ്റാണ്ടിനിടെ യൂറോപ്പിലുണ്ടായ ഏറ്റവും വലിയ പ്രകൃതിദുരന്തമാണിതെന്ന് ലോകാരോഗ്യ സംഘടന യൂറോപ്പ് റീജിയണൽ ഡയറക്ടർ ഹാൻസ് ക്ളൂഗ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദുരന്തത്തിന്റെ വ്യാപ്തിയെക്കുറിച്ച് പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും അടിയന്തര സാഹചര്യങ്ങൾ നേരിടാനായി വൻസന്നാഹത്തോടെ മെഡിക്കൽ സംഘങ്ങളെ നിയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ദുരന്തം 70 ലക്ഷം കുഞ്ഞുങ്ങളെ ബാധിച്ചതായാണ് യു.എൻ കണക്കാക്കുന്നത്.

തുർക്കിയിലെ പത്ത് പ്രവിശ്യകളിലായി 4.6 ദശലക്ഷവും സിറിയയിൽ 2.5 ദശലക്ഷവും കുഞ്ഞുങ്ങളെ ബാധിച്ചതായി യുനിസെഫ് വക്താവ് ജെയിംസ് എൽഡർ ജനീവയിൽ അറിയിച്ചു. നിരവധി പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ ഉണ്ടാകാമെന്നതിനാൽ അവസാന കണക്കെടുപ്പിൽ മരണമടഞ്ഞവരുടെ സംഖ്യ ഭീതിപ്പെടുത്തുന്ന വിധമായിരിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. മാതാപിതാക്കൾ മരണമടഞ്ഞ ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ അവസ്ഥ ദയനീയമാണ്. രക്ഷപ്പെട്ട നിരവധി കുഞ്ഞുങ്ങൾ കുടുംബാംഗങ്ങളോടൊപ്പം വേണ്ടത്ര ഭക്ഷണം ലഭിക്കാതെ തെരുവുകളിലും സ്കൂളുകളിലും പള്ളികളിലും ബസ് സ്റ്റാന്റുകളിലും കഴിയുന്നത് കൂടാതെ പാലങ്ങളുടെയും മറ്റും അടിയിലാണ് കഴിയുന്നത്. കനത്ത തണുപ്പും ദുരിതം കൂട്ടുകയാണെന്ന് ജെയിംസ് എൽഡർ പറഞ്ഞു.

അതിനിടെ, എട്ട് ദിനങ്ങൾ പിന്നിടുമ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാൻ രക്ഷാപ്രവർത്തകർ രാവും പകലും ശ്രമം തുടരുകയാണ്. അവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും ജീവനോടെ ഉണ്ടാകുമെന്ന പ്രതീക്ഷ നശിച്ചുകൊണ്ടിരിക്കുകയാണെന്ന് ഒരു സംഘം പറഞ്ഞു.

ഹതായ് പ്രവിശ്യയിൽ നിന്ന് നൂറു കണക്കിനാളുകളാണ് ദിവസവും മറ്റിടങ്ങളിലേക്ക് പോയിക്കൊണ്ടിരിക്കുന്നത്. പേരുവിവരങ്ങൾ ശേഖരിക്കുന്ന അധികൃതർ എങ്ങോട്ടാണ് പോകാൻ ആഗ്രഹിക്കുന്നതെന്ന് ചോദിച്ചറിഞ്ഞ ശേഷം ആ പ്രദേശത്തേക്കുള്ള ബസ് ഉൾപ്പെടെയുള്ള വാഹനങ്ങളിൽ കയറ്റിവിടുകയാണ്.

ഹതായിൽ നിന്ന് പോകുന്നവരിൽ പലർക്കും മടങ്ങി വരാൻ താത്പര്യമില്ല. 12 വർഷമായി ഹതായിൽ താമസിച്ചിരുന്ന ഹംസ ബെക്രി പറയുന്നത് താൻ ഇനി മടങ്ങിവരില്ലെന്നാണ്. തങ്ങളുടെ വീടുകൾ പൂർണ്ണമായി തകർന്നു. ബന്ധുക്കൾ മരണമടഞ്ഞു. മുന്നോട്ടുള്ള ജീവിതം കഠിനമാണ്. ജോലിയില്ലാത്ത അവസ്ഥയിൽ ഇനി ജീവിതം കരുപ്പിടിപ്പിക്കാൻ പെടാപ്പാട് വേണ്ടി വരുമെന്നും ഹംസ പറഞ്ഞു.

Advertisement
Advertisement