മോദി ക്വസ്റ്റ്യന് പിന്നാലെ ബി ബി സിയിൽ റെയ്ഡ്,​ ഇൻകം ടാക്സ് പരിശോധന മുംബയ്, ഡൽഹി ഓഫീസുകളിൽ,​ 10 മണിക്കൂർ പിന്നിട്ടു, പ്രതിഷേധവുമായി മാദ്ധ്യമലോകം

Wednesday 15 February 2023 4:29 AM IST

പരിശോധന മുംബയ് ഡൽഹി ഓഫീസുകളിൽ

പ്രതികാരമെന്ന് പ്രതിപക്ഷം

മാദ്ധ്യമസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമെന്ന് മാദ്ധ്യമങ്ങൾ

റെയ്ഡല്ല സർവേ മാത്രമെന്ന് ഉദ്യോഗസ്ഥരും ബി.ജെ.പിയും സഹകരിക്കുമെന്ന് ബി.ബി.സി

ന്യൂഡൽഹി: ഗുജറാത്ത് കലാപവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബന്ധപ്പെടുത്തുന്ന ഡോക്കുമെന്ററി വിലക്കാൻ സുപ്രീം കോടതി വിസമ്മതിച്ചതിനു പിന്നാലെ ബി.ബി.സിയുടെ മുംബയ്,​ ഡൽഹി ഓഫീസുകളിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന.

ഇന്നലെ രാവിലെ 11മണിയോടെ ഡൽഹിയിലെ ആദായ നികുതി ഓഫീസർമാരുടെ നേതൃത്വത്തിൽ മുംബയ് സാന്താക്രൂസ് കലിനയിലുള്ള ബി.ബി.സി സ്റ്റുഡിയോ ഓഫീസിലായിരുന്നു തുടക്കം. അരമണിക്കൂറിന് ശേഷം ഡൽഹി കെ.ജി.മാർഗിലെ ഓഫീസിൽ എട്ട് ഉദ്യോഗസ്ഥരെത്തി. പൊലീസ് കാവലിലുള്ള പരിശോധന രാത്രിയും തുടർന്നു.

വിദേശികൾ ഉൾപ്പെടെയുള്ള ജീവനക്കാരെ പുറത്തുപോകാൻ അനുവദിക്കാതെ വാതിലുകൾ പൂട്ടിയായിരുന്നു പരിശോധന.

അക്കൗണ്ട് ബുക്കുകൾ, കമ്പ്യൂട്ടറുകൾ, ജീവനക്കാരുടെ മൊബൈലുകൾ എന്നിവയിലെ വിവരങ്ങൾ ശേഖരിച്ചു.

ഇംഗ്ളീഷിനു പുറമേ, ഹിന്ദി, തെലുങ്ക്, മറാഠി, ഗുജറാത്തി, പഞ്ചാബി ചാനലുകളും ബി.ബി.സിക്ക് ഇന്ത്യയിലുണ്ട്. മുംബയ് ബാന്ദ്ര വെസ്റ്റിലുള്ള ന്യൂസ് ഓഫീസിൽ പരിശോധനയുണ്ടായില്ല.

സർവേയെന്ന് ഉദ്യോഗസ്ഥർ

റെയ്ഡ് നടന്നിട്ടില്ല. പരിശോധന (സർവേ) മാത്രം. സാമ്പത്തിക ഇടപാടുകളുടെ രേഖകളാണ് പരിശോധിച്ചത്. ബിസിനസ്, അക്കൗണ്ട്‌സ് വിഭാഗങ്ങളിൽ മാത്രമാണ് പരിശോധന.

എന്തുകൊണ്ട് പരിശോധന

ഇന്ത്യയിൽ നിന്നുള്ള ലാഭവുമായി ബന്ധപ്പെട്ട നികുതി ക്രമക്കേടുകൾ സംബന്ധിച്ച പരിശോധനയാണ് നടത്തിയത്. ബി.ബി.സി ട്രാൻസ്‌ഫർ പ്രൈസിംഗ് നിയമങ്ങൾ വർഷങ്ങളായി പാലിക്കുന്നില്ല. നിരവധി നോട്ടീസുകൾ നൽകിയിട്ടും പ്രതികരിച്ചില്ല.

#സർവേയും റെയ്ഡും

​പ്ര​വൃ​ത്തി​ ​സ​മ​യ​ത്ത് ​മാ​ത്രം​ ​ആ​ദാ​യ​നി​കു​തി​ ​നി​യ​മ​പ്ര​കാ​രം​ ​ന​ട​ത്തു​ന്ന​ ​പ​രി​ശോ​ധ​ന​യാ​ണ് ​സ​ർ​വേ.​ ​രേ​ഖ​ക​ൾ​ ​പി​ടി​ച്ചെ​ടു​ക്കാം.​

സ്ഥാ​പ​ന​ങ്ങ​ളി​ലും ​വ​സ​തി​കളി​ലും ​അ​ട​ക്കം​ ​എ​ല്ലാ​ ​കേ​ന്ദ്ര​ങ്ങ​ളി​ലും​ ​ഏതുസമയത്തും ​ന​ട​ത്താ​വു​ന്ന​ ​പ​രി​ശോ​ധ​ന​യാ​ണ് ​റെ​യ്ഡ്.

വി​വാ​ദം, വി​ലക്ക്

2023 ജനുവരി. 17: ഇന്ത്യ ദ മാേദി ക്വസ്റ്റ്യൻ ഡോക്കുമെന്ററിയുടെ ആദ്യഭാഗം ബി.ബി.സി സംപ്രേഷണം ചെയ്തു. യു.ട്യൂബിലും ട്വിറ്ററിലും പ്രചരിപ്പിക്കുന്നത് കേന്ദ്രം നിരോധിച്ചു. പിൻവലിക്കണമെന്ന നിർദ്ദേശം ബി.ബി.സി തള്ളി.

ജനുവരി .24 രണ്ടാം ഭാഗവും സംപ്രേഷണം ചെയ്തു. പ്രതിപക്ഷ സംഘടനകൾ പ്രദർശനങ്ങൾ സംഘടിപ്പിച്ചെങ്കിലും ബി.ജെ.പി ചെറുത്തു. പലയിടത്തും സംഘർഷം.

ഫെബ്രു.10: സമ്പൂർണ നിരോധനത്തിന് ഹിന്ദു സേന പ്രസിഡന്റ് വിഷ്ണുഗുപ്ത നൽകിയ ഹർജി സുപ്രീം കോടതി തള്ളി.

ഫെബ്രു. 14 ബി.ബി.സി ഓഫീസുകളിൽ പരിശോധന

..........

അദാനി വിഷയം ജെ.പി.സി (സംയുക്ത പാർലമെന്ററി കമ്മിറ്റി)​ പരിശോധന ആവശ്യപ്പെടുമ്പോൾ സർക്കാർ ബി.ബി.സിക്ക് പിന്നാലെയാണ്. വിനാശ കാലേ വിപരീത ബുദ്ധി.

-ജയ്‌റാം രമേശ്,

എ.ഐ.സി.സി ജനറൽ സെക്രട്ടറി

ഇന്ത്യയിൽ പ്രവർത്തിക്കുന്ന മാദ്ധ്യമ സ്ഥാപനങ്ങൾ രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും പാലിക്കണം. പരിശോധന നിയമാനുസൃതം.

-ഗൗരവ് ഭാട്ടിയ,

ബി.ജെ.പി വക്താവ്

വിമർശിക്കുന്ന മാദ്ധ്യമങ്ങളെ ഉപദ്രവിക്കാൻ സർക്കാർ ഏജൻസികളെ ഉപയോഗിക്കുന്നതിന്റെ തുടർച്ചയാണിത്. ഇത് ജനാധിപത്യത്തെ തകർക്കും. മാദ്ധ്യമപ്രവർത്തകരുടെയും സ്ഥാപനങ്ങളുടെയും അവകാശങ്ങൾ ഹനിക്കപ്പെടാതിരിക്കാൻ അതീവ ജാഗ്രത അനിവാര്യം.

-എഡിറ്റേഴ്സ് ഗിൽഡ്