ഷാനവാസ് പങ്കെടുത്ത കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ ബഹളം; അജണ്ട കീറിയെറിഞ്ഞ് ബി ജെ പി അംഗങ്ങൾ

Wednesday 15 February 2023 1:36 AM IST

ആലപ്പുഴ: ലഹരിക്കടത്ത് കേസിൽ ആരോപണവിധേയനായ സി.പി.എം കൗൺസിലർ എ.ഷാനവാസ്, വിവാദ സംഭവത്തിനുശേഷം ആദ്യമായി പങ്കെടുത്ത നഗരസഭാ കൗൺസിൽ യോഗത്തിൽ കടുത്ത പ്രതിഷേധവുമായി യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങൾ രംഗത്തെത്തി.

പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങിയപ്പോൾ, യോഗം അലങ്കോലമാക്കാൻ അനുവദിക്കില്ലെന്ന് നഗരസഭാദ്ധ്യക്ഷ സൗമ്യരാജ് പറഞ്ഞെങ്കിലും അംഗങ്ങൾ പിൻമാറിയില്ല. ഇതിനിടെ ബി.ജെ.പി കൗൺസിലർമാർ യോഗത്തിന്റെ അജണ്ട കീറിയെറിഞ്ഞ് പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായതോടെ എ.ഷാനവാസ് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോകാൻ ശ്രമിച്ചെങ്കിലും ഭരണപക്ഷ അംഗങ്ങൾ പിന്തിരിപ്പിച്ചു. പ്രതിഷേധം തുടരുന്നതിനിടെ അജണ്ടകൾ വായിച്ച് പാസാക്കി യോഗനടപടികൾ അവസാനിച്ചതായി ചെയർപേഴ്സൺ പ്രഖ്യാപിച്ചു. പതിനഞ്ച് മിനിട്ട് കൊണ്ട് അമ്പതോളം അജണ്ടകളാണ് അവതരിപ്പിച്ചത്. തുടർന്ന് കോൺഗ്രസ്, ബി.ജെ.പി കൗൺസിലർമാർ പ്രതിഷേധം നഗരസഭാ കവാടത്തിന് മുന്നിലേക്ക് മാറ്റി. ഷാനവാസ് രാജിവെയ്ക്കും വരെ പ്രതിഷേധം തുടരുമെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ റീഗോ രാജുവും, ബി.ജെ.പി പാർലമെന്ററി പാർട്ടി ലീ‌ഡർ എസ്.ഹരികൃഷ്ണനും പറഞ്ഞു.

പ്രതിപക്ഷ പ്രതിഷേധം മാദ്ധ്യമശ്രദ്ധ നേടാൻ : ഷാനവാസ്

തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ഷാനവാസ് പറഞ്ഞു. പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെങ്കിൽ കോടതിയെ സമീപിക്കും. പ്രതിപക്ഷ പ്രതിഷേധം മാദ്ധ്യമശ്രദ്ധ നേടാൻ വേണ്ടിയാണെന്നും ഷാനവാസ് പ്രതികരിച്ചു.