കുട്ടിക്കായി ജയിൽ ദമ്പതികളുടെ ആഗ്രഹം; പരോൾ പരിഗണിക്കൂയെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: രാജസ്ഥാനിലെ ജയിലിൽ ജീവപര്യന്തം തടവിൽ കഴിയുന്ന ദമ്പതികളുടെ കുഞ്ഞ് വേണം എന്ന മോഹം സാക്ഷാത്ക്കരിക്കാൻ സുപ്രീംകോടതിയുടെ ഇടപെടൽ. ഐ.വി.എഫ് ചികിത്സയ്‌ക്കായി പരോൾ അനുവദിക്കണമെന്ന ദമ്പതികളുടെ ആവശ്യം അനുഭാവപൂർവം പരിഗണിക്കാൻ ജയിൽ അധികൃതർക്ക് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് നിർദ്ദേശം നല്കി.
ജയ്‌പൂരിലെ തുറന്ന ജയിലിൽ പാർപ്പിച്ചിരിക്കുന്ന ദമ്പതികളാണ് കോടതിയെ സമീപിച്ചത്. ചികിത്സാ സൗകര്യത്തിനായി ഉദയ്‌പൂരിലെ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട ദമ്പതികൾ, അടിയന്തര പരോൾ അനുവദിക്കാൻ നടപടി വേണമെന്നും അപേക്ഷിച്ചു. ഇതോടെയാണ് കോടതി ഇടപെട്ടത്.
ജയിൽ മാറ്റം അനുവദിക്കാമെന്ന് ജയിൽ അധികൃതർ കോടതിയെ അറിയിച്ചപ്പോൾ, പരോൾ നൽകുന്നതും അനുഭാവപൂർവം പരിഗണിക്കണമെന്ന് ബെഞ്ച് നിർദ്ദേശിച്ചു. രേഖാമൂലമുളള അപേക്ഷ ലഭിച്ച് രണ്ടാഴ്‌ചയ്‌ക്കകം നടപടി സ്വീകരിക്കണമെന്ന് കോടതി പറഞ്ഞു.
നാൽപത്തിയഞ്ചുകാരിയായ വിചാരണ തടവുകാരിക്ക് ആദ്യ വിവാഹത്തിൽ രണ്ട് കുട്ടികളുണ്ട്.