കേന്ദ്രഭരണ പ്രദേശങ്ങളാക്കിയത് ശരിവച്ചു

Wednesday 15 February 2023 1:34 AM IST

പാർലമെന്റിന് അധികാരമുണ്ടെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഏത് സംസ്ഥാനത്തെയും ഒന്നോ അതിലധികമോ കേന്ദ്രഭരണപ്രദേശമാക്കാൻ പാർലമെന്റിന് ഭരണഘടനാപരമായ അധികാരമുണ്ടെന്ന് സുപ്രീംകോടതി.

ജമ്മു കാശ്‌മീരിലെ നിയമസഭാ മണ്ഡല പുനർനിർണയത്തിൽ കേന്ദ്രസ‌ർക്കാരിന് ലഭിച്ച ആശ്വാസ വിധിയിലാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം. മണ്ഡല പുനർ നിർണയ കമ്മിഷന്റെ നിയമനം അടക്കം ചോദ്യം ചെയ്‌ത ഹർജികൾ തള്ളിയാണ് ജസ്റ്റിസ് എസ്.കെ. കൗൾ,അഭയ് എസ്.ഓക്ക എന്നിവരുടെ ബെഞ്ചിന്റെ വിധി.

ഭരണഘടനയുടെ അനുച്ഛേദം മൂന്ന്, നാല്, 239 (എ) എന്നിവ ഒന്നിച്ച് കണക്കിലെടുക്കുമ്പോൾ സംസ്ഥാനങ്ങളെ ഒന്നോ അതിലധികമോ കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റാനുളള നിയമനിർമ്മാണത്തിന് പാർലമെന്റിന് അധികാരമുണ്ടെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

2019 ഓഗസ്റ്റ് 5ന് ജമ്മു കാശ്മീരിന്റെ പ്രത്യേക പദവിയും സംസ്ഥാന പദവിയും റദ്ദാക്കിയിരുന്നു. 2019 ഒക്‌ടോബർ 31ന് ജമ്മു കാശ്‌മീർ സംസ്ഥാനത്തെ വിഭജിച്ച് ജമ്മു കാശ്‌മീർ, ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളാക്കുന്ന പുനഃസംഘടനാ നിയമം പ്രാബല്യത്തിൽ വന്നു. പുതുച്ചേരി പോലെ, നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമായിരിക്കും ജമ്മു കാശ്മീർ എന്നും വ്യവസ്ഥ ചെയ്തു. തുടർന്നാണ് നിയമസഭാ മണ്ഡല പുനഃക്രമീകരണത്തിന് സുപ്രീംകോടതി മുൻ ജസ്‌റ്റിസ് രഞ്ജന ദേശായി അദ്ധ്യക്ഷയായി കമ്മിഷൻ രൂപീകരിച്ചത്. ഇതിനെ ചോദ്യം ചെയ്‌ത് ശ്രീനഗർ സ്വദേശികളായ ഹാജി അബ്‌ദുൾ ഗനി ഖാൻ,​ മുഹമ്മദ് അയൂബ് മട്ടു എന്നിവർ സമർപ്പിച്ച ഹർ‌ജികൾ തള്ളിയാണ് ശ്രദ്ധേയ വിധി.

അതേസമയം, ജമ്മുകാശ്‌മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370ാം വകുപ്പ് കേന്ദ്രസർക്കാർ റദ്ദാക്കിയതിനെ ചോദ്യം ചെയ്‌തുള്ള ഹ‌ജികൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

Advertisement
Advertisement