വിശ്രമരഹിത, ഉത്സാഹിയായി മുന്നിൽ നിന്ന് നയിച്ച് മന്ത്രി

Wednesday 15 February 2023 12:52 AM IST

തൃശൂർ: ഒരു മേള സംഘടപ്പിച്ചാൽ വകുപ്പു മന്ത്രിയായാൽ പോലും ഉദ്ഘാടനം നടത്തി അവിടെ നിന്ന് മടങ്ങുകയെന്ന രീതിയിൽ നിന്ന് വ്യത്യസ്തമാകുകയാണ് മന്ത്രി ജെ. ചിഞ്ചു റാണി. മണ്ണുത്തി വെറ്റിനറി സർവകലാശാലയിൽ നടക്കുന്ന സംസ്ഥാന ക്ഷീര സംഗമത്തിലാണ് മന്ത്രിയുടെ പൂർണസമയ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായത്.

പല ദിവസങ്ങളിലും 15 മണിക്കൂറുകളോളം ചെലവഴിച്ചാണ് മേളയ്ക്ക് നേതൃത്വം നൽകിയത്. എല്ലാ വേദികളിലും സജീവ സാന്നിദ്ധ്യമാണ് മന്ത്രി. മേളയിൽ എത്തുന്നവർക്ക് ആവശ്യമായ സൗകര്യങ്ങൾ നല്കുന്നതിൽ ശക്തമായ ഇടപെടൽ നടത്തിയാണ് മേളയുടെ താരമായി മാറുന്നത്.

മുഖ്യമന്ത്രിക്ക് പുറമേ സംഘാടക സമിതി ചെയർമാനായ കെ. രാജൻ, മറ്റു മന്ത്രിമാരായ ആർ. ബിന്ദു, എം.ബി. രാജേഷ്, പി. പ്രസാദ്, കെ. കൃഷ്ണൻകുട്ടി, വി.എൻ. വാസവൻ ഉൾപ്പെടെ നിരവധി മന്ത്രിമാരാണ് ആറു ദിവസത്തെ മേളയിൽ എത്തിയത്. ആദ്യമായാണ് ക്ഷീരകർഷകര സംഗമം ആറു ദിവസം നടത്തുന്നതെന്ന പ്രത്യേകത കൂടി ഇത്തവണയുണ്ട്.

മേളയൊരു നല്ല അനുഭവം: മന്ത്രി ജെ. ചിഞ്ചു റാണി

മേള തനിക്ക് ഏറെ അനുഭവങ്ങളാണ് നൽകിയതെന്ന് മന്ത്രി ചിഞ്ചു റാണി. മന്ത്രി ആണെന്ന് കരുതി എല്ലാം അറിയണമെന്നില്ല. കർഷകരുടെ പ്രശ്‌നങ്ങൾ നേരിട്ട് മനസിലാക്കുവാനും പരിഹാരം കാണുന്നതിനും ' പടവിലൂടെ ' സാധിച്ചെന്നും മന്ത്രി കേരളകൗമുദിയോട് പറഞ്ഞു.

160 ലേറെ പരാതികളാണ് സംഗമത്തിൽ മാത്രം പരിഹരിച്ചത്. കൂടുതൽ വരുമാനം ഉറപ്പാക്കുന്ന പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. വിവിധ രോഗങ്ങൾ പിടിപെട്ട് മൃഗങ്ങൾ ചാകുമ്പോൾ ഉടൻ നഷ്ടപരിഹാരം നൽകുന്ന പ്രവർത്തനമാണ് നടത്തുന്നത്. ക്ഷീര ഉത്പാദന രംഗത്ത് വ്യവസായ വത്കരണത്തിന് തയ്യാറെടുകയാണ്. ക്ഷീര സൗഹ്യദ സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു.