ആക്കുളത്ത് പുഞ്ചപ്പാടമൊരുക്കി കൃഷി വകുപ്പ്
ആക്കുളം: തരിശുഭൂമിയിൽ നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആക്കുളം കായൽതീരത്ത് രണ്ടര ഏക്കറിൽ നെൽകൃഷി ആരംഭിച്ചു. മേയർ ആര്യാ രാജേന്ദ്രൻ ഞാറ് നട്ട് ഉദ്ഘാടനം നിർവഹിച്ചു.നഗരസഭയുടെ സഹായത്തോടെ ഉള്ളൂർ കൃഷി ഭവനാണ് പുഞ്ചപ്പാടം ഒരുക്കിയത്. ആക്കുളം കായലോരത്ത് എത്തുന്ന ദേശാടനപ്പക്ഷികളെ വരവേൽക്കാൻ അന്താരഷ്ട്ര ധാന്യവർഷമായ 2023 ൽ ചോളം, കൂവരക്, ബജ്റ, വൻപയർ, ചെറുപയർ എന്നീ ചെറുധാന്യങ്ങളുടെ കൃഷിയും ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി പൊതുസ്ഥലങ്ങളിൽ റംബുട്ടാൻ, മാവ്, പ്ലാവ്, പേര, ചാമ്പ എന്നീ ഫലവൃക്ഷ തൈകൾ നടുന്നുണ്ട്. കുറ്റിമുല്ല, ജൈവ വളങ്ങൾ, എച്ച് ഡി പി ഇ ചെടിച്ചട്ടികൾ, കിഴങ്ങുവർഗ്ഗ വിത്തുകൾ, പോട്ടിംഗ് മിശ്രിതങ്ങൾ എന്നിവയും സബ്സിഡി നിരക്കിൽ വിതരണം ചെയ്തു. ഉള്ളൂർ കൃഷി ഭവന്റെ കീഴിലുള്ള വാർഡുകളിൽ നിന്ന് രജിസ്റ്റർ ചെയ്യുന്നവർക്ക് വീടുകളിൽ വിത്തുകളും തൈകളും എത്തിക്കാനുള്ള കൃഷി വണ്ടിയുടെ ഉദ്ഘാടനവും നടത്തി.ഡെപ്യൂട്ടി മേയർ പി.കെ.രാജു അദ്ധ്യക്ഷതവഹിച്ചു. നഗരസഭാ സ്ഥിരംസമിതി ചെയർമാൻമാരായ മേടയിൽ വിക്രമൻ, ജിഷാ ജോൺ, ആതിര എൽ .എസ്, കൗൺസിലർമാരായ സുരേഷ്‌കുമാർ എസ്, സാജു എൽ.എസ്, ജോൺസൺ ജോസഫ്, ബിന്ദു .എസ്.ആർ, വനജ രാജേന്ദ്രബാബു, നാജാ .ബി, അംശു വാമദേവൻ, ഉള്ളൂർ കൃഷി ഓഫീസർ സഞ്ജീവ് .എസ്.ജെ, ഡി.ടി.പി.സി സെക്രട്ടറി ഷാരോൺ വീട്ടിൽ എന്നിവർ പങ്കെടുത്തു.