കാർഷികവിളകളിലാണ് കള്ളന്റെ കണ്ണ് .

Thursday 16 February 2023 12:18 AM IST

കോട്ടയം . കൃഷി ചെയ്യുന്നവർ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. വിളകളെ നോട്ടമിട്ട് കള്ളന്മാർ പരക്കം പായുകയാണ്. കപ്പ, ചേന, വാഴക്കുല, ചക്ക, നാളികേരം, മാങ്ങ എന്നിവയെല്ലാം ചൂണ്ടും. തുടർന്ന് വിപണി വിലയ്ക്ക് മറിച്ചു വിൽക്കലാണ് രീതി. ചിങ്ങവനം,പാമ്പാടി, മണിമല, പാല, തുടങ്ങിയ പ്രദേശങ്ങളിലാണ് കാർഷിക വിളകളുടെ മോഷണം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കാർഷിക വിളകൾക്ക് വിപണിയിൽ വിലവർദ്ധിച്ചതും ലഭ്യതക്കുറവുമാണ് മോഷണത്തിന് ഇടയാക്കുന്നത്. കർഷകരുടെ ദിവസങ്ങളുടെ അദ്ധ്വാനവും പണവുമാണ് ഒറ്റ രാത്രികൊണ്ട് കള്ളൻ കവരുന്നത്. കഴിഞ്ഞദിവസം ചിങ്ങവനം പൊലീസ് സ്റ്റേഷൻ പരിധിയിൽ കുഴിമറ്റത്ത് നിന്ന് 55 ചക്കകളാണ് മോഷണം പോയത്. കുഴിമറ്റം കലേഷ് ഭവനിൽ കുട്ടപ്പൻ, ഓമന ദമ്പതികൾ പാട്ടക്കൃഷി നടത്തുന്ന പുരയിടത്തിലെ പ്ലാവിൽ നിന്നാണ് ചക്ക മോഷ്ടിച്ചത്. പൊലീസിലും പരാതി നൽകി. വർഷങ്ങളായി ഇവിടെ കൃഷി ചെയ്യുന്നവരാണിവർ. രണ്ടാം തവണയാണ് ഇവരുടെ പറമ്പിൽ നിന്ന് കാർഷിക വിളകൾ മോഷണം പോകുന്നത്. കഴിഞ്ഞ ഡിസംബറിൽ കപ്പയാണ് മോഷ്ടിച്ചത്. മാസങ്ങൾക്ക് മുൻപ് കറുകച്ചാൽ, പാമ്പാടി മേഖലകളിലും സമാനരീതിയിൽ കപ്പ മോഷണം പോയിരുന്നു.

Advertisement
Advertisement