സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ പഞ്ചായത്ത്: പാപ്പിനിശ്ശേരിക്ക് സ്വരാജ് തിളക്കം

Wednesday 15 February 2023 9:08 PM IST

പാപ്പിനിശ്ശേരി: സംസ്ഥാനതലത്തിലുള്ള പ്രവർത്തനമികവിന്റെ പേരിൽ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് ഇക്കുറിയും പതിവ് തെറ്റിച്ചില്ല . മികച്ച രണ്ടാമത്തെ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിയ്ക്കാണ് ഇക്കുറി പാപ്പിനിശ്ശേരി തിരഞ്ഞെടുക്കപ്പെട്ടത്.

പഞ്ചായത്ത് ഭരണസമിതി,​ നിർവ്വഹണ ഉദ്യോഗസ്ഥർ, കുടുംബശ്രീ ആശ്രയ ജാഗ്രതാസമിതിയുടെ സജീവമായ ഇടപെടലാണ് ഇക്കുറിയുള്ള നേട്ടത്തിന് പിന്നിലും. ​ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കുളള ബഡ്സ് സ്‌കൂൾ ഉൾപ്പെടെയുള്ള പ്രത്യേക പദ്ധതികൾ, കുടുംബശ്രീ ബാലസഭ, ജെന്റർ റിസോഴ്സ് സെന്ററിന്റെ മികച്ച പ്രവർത്തനം, വനിതാ വയോജന ശിശു ക്ഷേമ പ്രവർത്തനങ്ങളിലെ മികവ്, ഹരിതകർമ്മ ജനകീയാസൂത്രണം പഞ്ചായത്ത് സേനയുടെ കുറ്റമറ്റ പ്രവർത്തനം, ദുരിതാശ്വാസ നിധിയുടെ സമയബന്ധിതവും തൃപ്തികരവുമായ വിതരണം, സാമൂഹ്യ സുരക്ഷിതത്വ പെൻഷൻ, തനത് ഫണ്ട് വരുമാനം, നികുതി പിരിവ്, ശുചിത്വം, നൂതനവും അനുകരണീയവുമായ പദ്ധതികൾ, തൊഴിലുറപ്പ് പദ്ധതി, ഫ്രണ്ട് ഓഫീസ് പ്രവർത്തനം, കമ്പ്യൂട്ടർ വൽക്കരണം, ഐ.എസ്.ഒ സർട്ടിഫിക്കേഷൻ, ജനകീയ ഹോട്ടലിന്റെ മികച്ച പ്രവർത്തനം, പദ്ധതി പദ്ധതിയേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ഉദ്യോഗസ്ഥർ ജനപ്രതിനിധികൾ ഉൾപ്പെടെ പങ്കെടുക്കുന്ന മോണിറ്ററിംഗ് യോഗങ്ങൾ തുടങ്ങി ഒട്ടുമിക്ക മേഖലകളിലും മികവാർന്ന പ്രവർത്തനം കാഴ്ച വച്ചാണ് പാപ്പിനിശ്ശേരിയുടെ നേട്ടം.

മികവിന്റെ പടവുകൾ

തുടർച്ചയായ ആറു വർഷവും ഗ്രാമപഞ്ചായത്ത് നൂറുശതമാനം നികുതിപിരിവ്

 100 ശതമാനം പദ്ധതി തുക ചെലവഴിച്ചു

 പൊതു ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനത്തിനായി ഫ്രണ്ട് ഓഫീസ് ,​ഇരിപ്പിടം, ടി.വി. കുടിവെളള സൗകര്യം, ടോയിലറ്റ്, മുലയൂട്ടുന്ന അമ്മമാർക്കുളള പ്രത്യേക മുറി

 ജലജീവൻ മിഷൻ പദ്ധതി നൂറ് ശതമാനം വീടുകളിലും കുടിവെള്ളം

ശുചിത്വവുമായി ബന്ധപ്പെട്ട് ഒ .ഡി.എഫ്. പ്ലസ് പദവി

സുഭിക്ഷകേരളം പദ്ധതിയുൾപ്പെടെയുള്ള സമഗ്ര കാർഷിക വികസനം

 ആധുനിക സൗകര്യങ്ങളുളള ബഡ്സ് സ്‌കൂൾ

 ദേശീയപാതയോരത്തെ നിരീക്ഷണ കാമറ,

തെരുവ് വിളക്കിന് സോളാർ വൈദ്യുതി പ്ലാന്റ് സ്ഥാപിക്കൽ,

പരമ്പരാഗത തെരുവ് വിളക്കുകൾക്ക് പകരം എൽ.ഇ.ഡി ബൾബുകൾ

മിനി എം.സി.എഫ്, പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രം

മാതൃകാ കൊവിഡ് പ്രതിരോധ പ്രവർത്തനം

സോഫ്റ്റ് വെയറുകളുടെ മെച്ചപ്പെട്ട ഉപയോഗം

 അപേക്ഷകളുടെ തൽസ്ഥിതി ഓൺലൈൻ അറിയാൻ സൗകര്യം

ഇനിയും കൂടുതൽ വികസന ക്ഷേമ പ്രവർത്തനങ്ങൾ ഇനയുമേറെ ചെയ്യാനുണ്ട്. ലഭിച്ച അവാർഡുകൾ മെച്ചപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്നതിന് ഏറെ സഹായിച്ചിട്ടുണ്ട്- പഞ്ചായത്ത് പ്രസിഡന്റ് എ.വി. സുശീല,​ സെക്രട്ടറി എൻ. പ്രീജിത്ത്.

പ്രധാന നേട്ടങ്ങൾ

സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം -2016-17

സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം 2017-18

സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം 2018-19

ദേശീയപുരസ്കാരം 2019

സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം 2019-20

ദേശീയപുരസ്കാരം 2020

ജില്ലയിൽ മികച്ച പഞ്ചായത്ത് 2022

Advertisement
Advertisement