രണ്ടുമാസത്തിനകം ഇന്ത്യ ചൈനയെ മറികടക്കും, തീയതി ഉൾപ്പെടെ പുറത്തുവിട്ട് പ്രവചനം, ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകുന്നത് ഔദ്യോഗികമായി സ്ഥിരീകരിക്കാൻ കേന്ദ്രം വൈകും
ന്യൂഡൽഹി : ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറാൻ വേണ്ടത് ഇനി രണ്ടുമാസം മാത്രമെന്ന് അന്താരാഷ്ട്ര് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിന്റെ റിപ്പോർട്ട്. വരുന്ന ഏപ്രിൽ 14ന് ചൈനയെ മറികടന്ന് ഇന്ത്യ മുന്നിലെത്തുമെന്നാണ് റോയിട്ടേഴ്സ് പ്രവചിച്ചിരിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടേത് അടക്കം ജനസംഖ്യാ പ്രവചന കണക്കുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.
2023 ഏപ്രിൽ 14ന് ഇന്ത്യയിലെ ജനസംഖ്യ 142 കോടി ആകുമെന്ന് റോയിട്ടേഴ്സ് പറയുന്നു. എന്നാൽ ഇക്കാര്യം ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിക്കാൻ വൈകും. ഇതിനായി അടുത്ത സെൻസസ് പൂർത്തിയാകും വരെ കാത്തിരിക്കേണ്ടി വരുമെന്നും അവർ വിശദമാക്കുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ മുടങ്ങിയ സെൻസസ് എപ്പോൾ ആരംഭിക്കുമെന്ന് കേന്ദ്രസർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ചൈനയിൽ ഏതാനും വർഷങ്ങളായി ജനസംഖ്യ കുറഞ്ഞുവരുന്നതു കാരണമാണ് ഇന്ത്യ മുന്നിലെത്തുന്നത്. ഇന്ത്യയിൽ ഇതേ കാലയളവിൽ ചെറിയ വർദ്ധന രേഖപ്പെടുത്തിയിരുന്നു, വർഷം ഒരു ശതമാനത്തോളം വർദ്ധനയാണ് രേഖപ്പെടുത്തുന്നതെന്ന് റോയിട്ടേഴ്സ് ചൂണ്ടിക്കാട്ടി.