തൂണുകളായി ആകാശപ്പാതയ്ക്ക് അതിവേഗം ദേശീയപാത വികസനം

Wednesday 15 February 2023 9:19 PM IST

കണ്ണൂർ: കണ്ണൂർ, കാസർകോട് ജില്ലകളിലെ ആറുവരിപ്പാതയുടെ നിർമ്മാണം അതിവേഗം കുതിക്കുമ്പോൾ നാടിന്റെ മുഖച്ഛായ മാറുകയാണ്. രണ്ട് വർഷത്തിനകം പൂർത്തിയാകുന്ന ആറ് വരിപ്പാതയുടെ 25 ശതമാനം പ്രവൃത്തി പൂർത്തിയായെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അധികൃതർ പറഞ്ഞു.

മുഴപ്പിലങ്ങാട് മുതൽ ജില്ലാ അതിർത്തിയായ കാലിക്കടവ് വരെ ഒരേ സമയമാണ് വീതികൂട്ടൽ പ്രവൃത്തി പുരോഗമിക്കുന്നത്. കണ്ണൂർ, തളിപ്പറമ്പ്, പയ്യന്നൂർ ബൈപാസുകളുടെ നിർമാണവും അതിവേഗം മുന്നേറുകയാണ് . ആറുവരിപ്പാതയിലെ പ്രധാനപാലങ്ങളുടെ പ്രവൃത്തി ഏറെക്കുറെ തുടങ്ങി. ആകാശപ്പാതയ്ക്ക് തൂണുകൾ ഉയർന്ന കാഴ്ചകളാണ് എങ്ങും.
നീലേശ്വരം– തളിപ്പറമ്പ് റീച്ചിൽ മേഘ എൻജിനിയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും തളിപ്പറമ്പ് മുതൽ മുഴപ്പിലങ്ങാട് വരെ വിശ്വ സമുദ്ര എൻജിനിയറിംഗുമാണ് പ്രവൃത്തി നടത്തുന്നത്.

കണ്ണൂർ, തളിപ്പറമ്പ്, പയ്യന്നൂർ , തലശേരി തുടങ്ങിയ പ്രധാന പട്ടണങ്ങളെ ഒഴിവാക്കിയാണ് ദേശീയപാത നിർമാണം.

പാലം പണി തുടങ്ങിയത്
കാര്യങ്കോട്, കുപ്പം, പെരുമ്പ

കലുങ്കുകൾ, മേൽപാലങ്ങൾ, അടിപ്പാതകൾ, ചെറുകിട പാലങ്ങൾ, ഓവ്ചാലുകൾ എന്നിവയുടെ ജോലിയും പുരോഗമിക്കുന്നു.
കണ്ണൂർ ചാല മിംസ് ആശുപത്രിക്ക് സമീപം ബൈപാസിൽ ഒരു കിലോമീറ്ററോളം റോഡ് ടാർ ചെയ്തു ഗതാഗതത്തിന് തുറന്നു.

കണ്ണൂർ ബൈപാസിൽ താഴെ ചൊവ്വ കിഴുത്തള്ളി മുതൽ ഏതാനും മീറ്റർ ആറുവരി ആകാശപ്പാതയാണ്. ഇതിനുള്ള തൂൺ നിർമ്മാണം പൂർത്തിയാകുന്നു.

എടക്കാട് റെയിൽവേ സ്‌റ്റേഷനടുത്ത് അടിപ്പാത നിർമ്മാണം ഒരുഭാഗം പൂർത്തിയായി.


മുഴപ്പിലങ്ങാട്– തളിപ്പറമ്പ് റീച്ച്
ഒരു പ്രധാനപാലവും മൂന്ന് ചെറുകിട പാലങ്ങളും 5 വയഡക്ടുകളും 5 മേൽപാലങ്ങളും 91 ബോക്‌സ് കൾവർട്ടും 6 മേൽപ്പാതയും 3 അടിപ്പാതയുമാണ് മുഴപ്പിലങ്ങാട്– തളിപ്പറമ്പ് റീച്ചിൽ. ഏതാനും സ്ഥലങ്ങളിൽ കൂടി മേൽപ്പാലങ്ങളുടെ നിർദേശമുണ്ട്.

തളിപ്പറമ്പ്–നീലേശ്വരം റീച്ച്

തളിപ്പറമ്പ്–നീലേശ്വരം റീച്ചിൽ മൂന്ന് പ്രധാന പാലങ്ങളും രണ്ട് ഫ്‌ളൈഓവറും ആറ് അടിപ്പാതയും ഏഴ് ചെറുകിട വാഹനങ്ങൾക്കുള്ള അടിപ്പാതയുമാണുള്ളത്

തലപ്പാടി–ചെങ്കള റീച്ച് 37 കി.മീ

നീലേശ്വരം-തളിപ്പറമ്പ് റീച്ച് 40.110 കി. മീ
തളിപ്പറമ്പ്- മുഴപ്പിലങ്ങാട് റീച്ച് 29.948 കി.മീ

മാഹി -ബൈപാസ് 18.6 കി.മീ

Advertisement
Advertisement