പാൽ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന സംസ്ഥാനമായി മാറും: സ്പീക്കർ

Thursday 16 February 2023 12:20 AM IST

തൃശൂർ: ക്ഷീരമേഖലയിൽ സംസ്ഥാനം ഇന്ത്യക്ക് മാതൃകയാണെന്നും ക്ഷീര മൂല്യവർദ്ധിത ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന സംസ്ഥാനമായി കേരളം മാറണമെന്നും സ്പീക്കർ എ.എൻ. ഷംസീർ. പടവ് 2023 സംസ്ഥാന ക്ഷീരസംഗമം സമാപനം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രി കെ. രാജൻ അദ്ധ്യക്ഷനായി. ഏറ്റവും നല്ല എക്‌സ്‌പോ സ്റ്റാളിനുള്ള അവാർഡ് കൃഷി ഫീഡ്‌സിനും കേരള ഫീഡ്‌സിനും ഫാം ഇൻഫർമേഷൻ ബ്യൂറോക്കും സ്പീക്കർ എ.എൻ. ഷംസീർ സമ്മാനിച്ചു. ക്ഷീരസംഗമം ലോഗോ ഡിസൈൻ ചെയ്ത കെ. മുഹമ്മദ് ഹാരിസിനും സംസ്ഥാന ക്ഷീരസംഗമം നാമകരണം ചെയ്ത പാലക്കാട് ബ്ലോക്ക് ക്ഷീരവികസന ഓഫീസർ പി. ദിവ്യക്കും സാംസ്‌കാരിക ഘോഷയാത്ര ഫ്‌ളോട്ട് മത്സര വിജയികൾക്കുമുള്ള അവാർഡ് വിതരണം ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിർവ്വഹിച്ചു.

മികച്ച ക്ഷീരസംഘം ജീവനക്കാർക്കുള്ള അവാർഡ് മേയർ എം.കെ. വർഗീസ് നൽകി. ഗാനരചിതാവ് ശ്രീകുമാരൻ കാരക്കാട്ടിനെ മിൽമ ചെയർമാൻ കെ.എസ്. മണി ആദരിച്ചു.
പടവ് 2023 സംസ്ഥാന ക്ഷീരസംഗമം മികച്ച വാർത്താകവറേജിന് അച്ചടി വിഭാഗത്തിൽ കേരളകൗമുദിക്കും മികച്ച വിഷ്വൽ മാദ്ധ്യമ പുരസ്‌കാരം സി.ടി.വിക്കും റേഡിയോ വിഭാഗത്തിൽ റേഡിയോ മാംഗോ എഫ്.എം ചാനലിനും ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചു റാണി പുരസ്‌കാരം നൽകി.

മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് ഡയറക്ടർ ഡോ. കൗശിഗൻ, ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ സിനില ഉണ്ണിക്കൃഷ്ണൻ, വൈസ് ചാൻസലർ എം.ആർ. ശശീന്ദ്രൻ, വി.പി. ഉണ്ണിക്കൃഷ്ണൻ, പി.പി. രവീന്ദ്രൻ, കെ. സദാനന്ദൻ, അഷറഫ് കോക്കൂർ, കേശവൻ നമ്പൂതിരി എന്നിവർ സമാപന ചടങ്ങിൽ പങ്കെടുത്തു.

Advertisement
Advertisement