വിദേശത്തു നിന്ന് കടത്താൻ ശ്രമിച്ച 831 ഗ്രാം സ്വർണം പിടികൂടി

Thursday 16 February 2023 2:47 AM IST

ശംഖുംമുഖം: വിദേശത്തു നിന്ന് കടത്താൻ ശ്രമിച്ച 831 ഗ്രാം തൂക്കം വരുന്ന സ്വർണം തിരുവനന്തപുരം വിമാനത്താവളത്തിൽ എയർ കസ്റ്റംസ് പിടികൂടി. സ്വർണം കടത്താൻ ശ്രമിച്ച കൊല്ലം കരുനാഗപ്പള്ളി സ്വദേശി അജ്മൽഖാനാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഷാർജയിൽ നിന്നെത്തിയ എയർഇന്ത്യ ‌എക്‌സ്‌പ്രസ് വിമാനത്തിലെ യാത്രക്കാരനായിരുന്ന ഇയാൾ കുഴമ്പ് രൂപത്തിലാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.

യാത്രക്കാരെ സി.സി ടിവി കാമറകളിലൂടെ പരിശോധിക്കുകയായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ഇയാളുടെ നടപ്പിലും ഭാവത്തിലും സംശയം തോന്നിയതോടെ കൂടുതലായി നീരിക്ഷിച്ചു. എമിഗ്രേഷൻ പരിശോധനയും കടന്ന് കസ്റ്റംസിന്റെ മെറ്റൽ ഡിക്ടറ്റർ ഡോറിലൂടെ പുറത്തേക്കിറങ്ങിയെങ്കിലും മെറ്റൽ ഡിക്ടറ്റർ ഡോറിൽ ബീപ്പ് ശബ്ദം ഉയർന്നില്ല. തുടർന്ന് ലഗേജ് എടുക്കാനായി കൺവേയർ ബൽറ്റിന്റെ ഭാഗത്തേ്ക്ക് നീങ്ങിയ ഇയാളെ കസ്റ്റംസ് ഉദ്യോഗസ്ഥർ തിരികെ വിളിച്ച് സ്വർണം കൈവശം ഉണ്ടോയെന്ന് ചോദിച്ചെങ്കിലും ഇല്ലെന്നായിരുന്നു മറുപടി. കസ്റ്റംസ് അധികൃതർ ദേഹപരിശോധന നടത്തിയെങ്കിലും സ്വർണം കണ്ടത്താൻ കഴിഞ്ഞില്ല. പിന്നീട് ഇയാളെ വിശദമായി ചേദ്യം ചെയ്‌തപ്പോൾ മലദ്വാരത്തിനുള്ളിൽ സ്വർണം ഒളിപ്പിച്ചിരിക്കുകയാണെന്ന് ഇയാൾ സമ്മതിച്ചു. തുടർന്ന് വൈദ്യസഹായത്തോടെ സ്വർണം പുറത്തെടുക്കുകയായിരുന്നു.

കുഴമ്പ് രൂപത്തിലുള്ള സ്വർണം ക്യാപ്‌സ്യൂൾ രൂപത്തിലാക്കിയാണ് ഒളിപ്പിച്ചിരുന്നത്. പിടികൂടിയ സ്വർണം വേർതിരിച്ചെടുത്തപ്പോൾ സ്വർണത്തിന് 760 ഗ്രാം തൂക്കമുണ്ട് .ഇതിന് വിപണിയിൽ 43.5 ലക്ഷം രൂപ വിലവരും.

സ്വർണം നൽകിയവരെ അറിയുന്നതിനായി ചോദ്യം ചെയ്‌തെങ്കിലും കൂടുതൽ വിവരങ്ങൾ ഇയാളിൽ നിന്ന് ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിൽ എമിറേറ്റസ് എയർലൈൻസ് വിമാനത്തിലെ സീറ്റിനടിയിൽ നിന്ന് 1,600 ഗ്രാം തൂക്കം വരുന്ന സ്വർണം മിശ്രിത രൂപത്തിലാക്കി പൊതിഞ്ഞ് ഉപേക്ഷിച്ചിരുന്ന നിലയിൽ കണ്ടെത്തിയിരുന്നു.

Advertisement
Advertisement