തുല്യതാ കോഴ്സ്: 500 പേർക്ക് ഫീസ് ജില്ലാ പഞ്ചായത്ത് നൽകും

Thursday 16 February 2023 12:23 AM IST

ആലപ്പുഴ: പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന സാക്ഷരതാമിഷൻ വഴി നടത്തുന്ന പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്സുകളിലേയ്ക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. ആദ്യം രജിസ്റ്റർ ചെയ്യുന്ന മതിയായ യോഗ്യതയുള്ള അഞ്ഞൂറ് പേർക്ക് കോഴ്സ് ഫീസ് ജില്ലാ പഞ്ചായത്ത് നൽകുമെന്ന് പ്രസിഡന്റ് കെ.ജി.രാജേശ്വരി അറിയിച്ചു. മറ്റുള്ളവർക്ക് വരുംവർഷങ്ങളിലെ പദ്ധതിയിൽ ഉൾപ്പെടുത്തി ഫീസ് നൽകും. പത്താംതരം തുല്യതാ കോഴ്സ് പാസാകുന്നവർക്ക് ഉന്നത പഠനത്തിനും പ്രൊമോഷനും പി.എസ്.സി നിയമനത്തിനും അർഹതയുണ്ട്.

പത്താംതരം തുല്യതയ്ക്ക് അപേക്ഷാഫീസും കോഴ്സ് ഫീസും ഉൾപ്പെടെ 1950 രൂപയും ഹയർ സെക്കൻഡറി തുല്യതയ്ക്ക് അപേക്ഷാഫീസും രജിസ്ട്രേഷൻ ഫീസും കോഴ്സ് ഫീസുമുൾപ്പെടെ 2600 രൂപയുമാണ്. എസ്.സി, എസ്.ടി വിഭാഗക്കാർ രജിസ്ട്രേഷൻ ഫീസ് മാത്രം നൽകിയാൽ മതി. 40ശതമാനത്തിൽ കൂടുതൽ അംഗവൈകല്യമുള്ളവരും ട്രാൻസ്ജൻഡർ വിഭാഗക്കാരും ഫീസ് നൽകേണ്ടതില്ല. നാലാംതരം, ഏഴാംതരം തുല്യതാ കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷനും ആരംഭിച്ചിട്ടുണ്ട്. വിശദ വിവരങ്ങൾക്ക് ജില്ലാ പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷൻ ഓഫീസുമായോ വിവിധ ഗ്രാമ/ബ്ലോക്ക്/നഗരസഭകളിൽ പ്രവർത്തിക്കുന്ന സാക്ഷരത തുടർ/ വികസനവിദ്യാകേന്ദ്രങ്ങളേയോ സമീപിക്കുക. http://www.literacymissionkerala.org എന്ന വെബ് സൈറ്റിലൂടെ ഓൺലൈൻ രജിസ്ട്രേഷൻ നടത്തണം. ഇതിനു ശേഷം അപേക്ഷയുടെ പ്രിന്റെടുത്ത് യോഗ്യതാസർട്ടിഫിക്കറ്റുകൾ സഹിതം ജില്ലാ സാക്ഷരതാ മിഷൻ ഓഫീസിൽ നേരിട്ടെത്തി അപ്രൂവൽ വാങ്ങണം. അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച് 15. ഫോൺ: 0477 225 2095, +91 70258 21315, 9947528616

പത്താംതര തുല്യത

ഏഴാംതരം പാസായ 17 വയസ് പൂർത്തിയായവർക്കും 2019 വരെ എസ്.എസ്.എൽ.സി പരീക്ഷ എഴുതി തോറ്റവർക്കും പത്താംതരം തുല്യതയ്ക്ക് ചേരാം. കോഴ്സ് നടത്തുന്നത് സംസ്ഥാന സാക്ഷരതാ മിഷനും പരീക്ഷ, മൂല്യനിർണയം, ഫലപ്രഖ്യാപനം, സർട്ടിഫിക്കറ്റ് വിതരണം എന്നിവ നടത്തുന്നത് സംസ്ഥാന പരീക്ഷാഭവനുമാണ്. പ

ഹയർ സെക്കൻഡറി തുല്യത

പത്താംതരം പാസായ 22 വയസ് പൂർത്തിയായവർക്കും പ്ലസ് ടു /പ്രീ ഡിഗ്രി തോറ്റവർക്കും ഇടയ്ക്കുവെച്ച് പഠനം നിർത്തിയവർക്കും ഹയർ സെക്കൻഡറി കോഴ്സ് ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ഗ്രൂപ്പുകളിലേക്ക് അപേക്ഷിക്കാം.

Advertisement
Advertisement