ആർത്തവ അവധി പരിഗണിക്കാൻ സുപ്രീംകോടതി

Thursday 16 February 2023 1:03 AM IST

ന്യൂഡൽഹി: രാജ്യത്ത് ആർത്തവ അവധി അനുവദിക്കണമെന്ന പൊതുതാത്പര്യ ഹർജി പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. സ്‌ത്രീകളുടെ ആവർത്തവ ദിനങ്ങളിലെ ബുദ്ധിമുട്ടുകൾ സമൂഹവും സർക്കാരും അവഗണിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് വിഷയം പരിഗണനയ്ക്കെടുക്കാൻ തീരുമാനിച്ചത്.

പൊതുപ്രവർത്തകനായ ശൈലേന്ദ്ര മണി ത്രിപാഠി സമർപ്പിച്ച ഹർജി 24ന് പരിഗണിക്കും. ബിഹാർ മാത്രമാണ് രാജ്യത്ത് ആർത്തവ അവധി നൽകുന്ന ഒരേയൊരു സംസ്ഥാനമെന്ന് ഹർജിയിൽ അറിയിച്ചു. മറ്റ് സംസ്ഥാനങ്ങൾ അവധി നടപ്പാക്കാത്തത് സ്ത്രീകളുടെ തുല്യത എന്ന മൗലികാവകാശത്തെ ലംഘിക്കുന്നതാണ്. കേരളത്തിലെ ചില സ്ഥാപനങ്ങളും പ്രമുഖ കമ്പനികളും ശമ്പളത്തോടെ അവധി അനുവദിക്കുന്നുണ്ട്. യു.കെ, തായ്‌വാൻ, ഇന്തോനേഷ്യ, ചൈന, സ്‌പെയിൻ, സാംബിയ, ദക്ഷിണ കൊറിയ, ജപ്പാൻ, വെയ്ൽസ് തുടങ്ങിയ രാജ്യങ്ങളിൽ ആർത്തവ അവധി നിലവിലുണ്ട്. ആ ദിനങ്ങളിലെ സ്ത്രീകളുടെ വേദനകൾ കൂടി മനസിലാക്കി മുന്നോട്ടുപോയാൽ മാത്രമേ സ്‌ത്രീ ശാക്തീകരണം സാധ്യമാകുകയുള്ളുവെന്ന് പൊതുതാത്പര്യ ഹർജിയിൽ പറയുന്നു.

വിദ്യാർത്ഥിനികൾക്കും ജോലിക്കാരായ സ്‌ത്രീകൾക്കും അവധി അനുവദിക്കുന്നത് സംബന്ധിച്ച് ചട്ടങ്ങൾ രൂപീകരിക്കാൻ കേന്ദ്ര സർക്കാരിനും സംസ്ഥാനങ്ങൾക്കും നി‌ർദ്ദേശം നല്കണം. പ്രസവാനുകൂല്യ നിയമത്തിലെ വ്യവസ്ഥകൾ ശക്തമായി നടപ്പാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

Advertisement
Advertisement