കാലാവസ്ഥാ മാറ്റത്തിൽ വൈറലായി വൈറൽ പനി.

Friday 17 February 2023 12:23 AM IST

കോട്ടയം . ആദ്യം തൊണ്ട വേദന, പിന്നാലെ ശക്തമായ ചുമയും പനിയും. രാവിലെ കടുത്ത മഞ്ഞും പിന്നാലെയുള്ള ചൂടും ചേർന്ന കാലാവസ്ഥാ മാറ്റം ജില്ലയിൽ പനി ബാധിതരുടെ എണ്ണം വീണ്ടും കൂട്ടുകയാണ്. ഈ മാസം ഇതുവരെ മാത്രം ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയവരുടെ എണ്ണം 6835 ആണ്. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ഹോമിയോ, ആയുർവേദ ആശുപത്രികളിലും ചികിത്സ തേടിയവരുടെ എണ്ണം കൂടി എടുത്താൽ പനിബാധിതരുടെ എണ്ണം 10000 കടക്കും. ഈ വർഷം മാത്രം 24378 പേർ ചികിത്സ തേടി. വയറിളക്കവും വ്യാപകമായി പടരുകയാണ്. പനി മാറിയാലും ചുമ ആഴ്ചകൾ നീണ്ടു നിൽക്കുന്നത് പലരെയും ബുദ്ധിമുട്ടിലാക്കുകയാണ്. ആശുപത്രികളിൽ പരിശോധന ഇല്ലാത്തതിനാൽ കൊവിഡ് ആണോയെന്നും ഉറപ്പിക്കാനും കഴിയില്ല. രോഗം ആർക്കും ഗുരുതരമാകാത്തതാണ് ആശ്വാസം.

കുട്ടികളെയും പിടിവിടാതെ.

കുട്ടികളിലും പനി വ്യാപകമായി പടരുന്നുണ്ട്. പതിവിൽ നിന്നു വ്യത്യസ്തമായി 6 ദിവസം വരെ കുട്ടികളിൽ പനി നീണ്ടു നിൽക്കുന്നതായി ശിശുരോഗ വിദഗ്ദ്ധർ പറയുന്നു. പനി വിട്ടു പോകാതെ മാറി മാറി വരുന്ന കുട്ടികളുടെ എണ്ണവും കൂടുന്നുണ്ട്. കുട്ടികളുടെ ആശുപത്രിയിൽ പനിബാധിതരുടെ തിരക്കാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

രോഗം വന്നാൽ വിശ്രമിക്കുക.

തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക.

സ്വയം ചികിത്സ ഒഴിവാക്കുക.

കഫക്കെട്ടിൽ നിറവ്യത്യാസം വന്നാൽ.

ശ്വാസംമുട്ട്, ഇതുവരെയില്ലാത്ത തളർച്ച.