നായയുടെ തൊണ്ടയിൽ കുടുങ്ങിയ സൂചി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

Friday 17 February 2023 4:08 AM IST

തിരുവനന്തപുരം: നായയുടെ തൊണ്ടയിൽ കുടുങ്ങിയ സൂചി ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കിളിമാനൂർ സ്വദേശി സുകുമാരന്റെ ഒന്നര വയസുള്ള പോമറേനിയൻ ഇനത്തിൽപെട്ട നായയുടെ തൊണ്ടയിൽ കുടുങ്ങിയ തയ്യൽ സൂചിയാണ് പുറത്തെടുത്തത്. കഴിഞ്ഞ ദിവസമാണ് ശസ്ത്രക്രിയ നടന്നത്. തന്റെ നായ മൂന്ന് ദിവസമായി വെള്ളവും ഭക്ഷണവും കഴിക്കുന്നില്ലെന്നും ഭക്ഷണം കാണുമ്പോൾ ഭയപ്പാടോടെ മാറുന്നു എന്നുള്ള ആവലാതിയുമായാണ് സുകുമാരൻ ആശുപത്രിയിൽ എത്തിയത്. ആദ്യ പരിശോധനയിൽ തന്നെ നായയുടെ തൊണ്ടയിൽ എന്തോ കുടുങ്ങിയതാണെന്ന് ഡോക്ടർമാർക്ക് സംശയംതോന്നി. എക്‌സ്‌റേ എടുത്തുനോക്കിയപ്പോൾ ഒരു സൂചി തറച്ചിരിക്കുന്നത് കണ്ടെത്തി. ഉടൻ തന്നെ ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ സർജൻ ഡോ.എ.കെ. അഭിലാഷ് അനസ്തീഷ്യ കൊടുത്ത് മയക്കി നായയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. തൊണ്ടയിൽ കുടുങ്ങിയ സൂചി പുറത്തെടുത്തു. നായ സുഖം പ്രാപിച്ച് ഭക്ഷണം കഴിച്ചു തുടങ്ങിയതായി ചീഫ് വെറ്ററിനറി ഓഫീസർ ഡോ.അനിത അറിയിച്ചു.

Advertisement
Advertisement