മഹേശ്വരം ക്ഷേത്രത്തിലെ അതിരുദ്ര മഹായജ്ഞം കലശാഭിഷേകത്തോടെ സമാപിച്ചു

Friday 17 February 2023 12:44 AM IST

പാറശാല: ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം സ്ഥിതിചെയ്യുന്ന മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിൽ കഴിഞ്ഞ 11 ദിവസമായി നടന്നുവന്ന നാലാമത് അതിരുദ്ര മഹായജ്ഞം ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിൽ ഇന്നലെ നടന്ന കലശാഭിഷേകത്തോടെ സമാപിച്ചു.അതിരുദ്ര മഹായജ്ഞത്തിന്റെ ഒന്നാം ഭാഗം നമകവും രണ്ടാം ഭാഗം ചമകവും പൂർത്തിയാക്കിയതിനു ശേഷമാണ് ഉമാമഹേശ്വരന് കലശാഭിഷേകം നടത്തിയത്.തുടർന്ന് അത്താഴപൂജയ്ക്ക് ശേഷം രാത്രി 10.15 ന് ശിവപാർവ്വതിമാർ പൊലീസിന്റെ അകമ്പടിയോടെ ചെങ്കൽ നാലുമുക്കിലെത്തി വേട്ടയും നടത്തി.ഇന്ന് രാവിലെ 11 ന് ശിവരാത്രി മഹോത്സവത്തിന്റെ തൃക്കൊടി ഇറക്കിയതിന് ശേഷം വൈകുന്നേരം 5.30 ന് സുവർണ രഥത്തിൽ ഇരുത്തി വാദ്യമേളങ്ങൾ, ക്ഷേത്ര കലാരൂപങ്ങൾ,നൂറിൽപരം കലാരൂപങ്ങൾ എന്നിവയുടെ അകമ്പടിയോടെ ആറാട്ട് കടവായ കാഞ്ഞിരംമൂട്ട് കടവിലേക്ക് ശിവപാർവ്വതിമാരെ എഴുന്നള്ളിക്കും.