നിക്ഷേപം കാലി; പണം കിട്ടാതെ വലഞ്ഞ് സഹകരണ ബാങ്കുകൾ

Friday 17 February 2023 12:00 AM IST

തൃശൂർ: സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ട്രഷറിയിൽ നിന്ന് സർക്കാർ പണമെടുത്തതോടെ തങ്ങളുടെ നിക്ഷേപം തിരികെ കിട്ടാതെ സഹകരണ ബാങ്കുകൾ വലയുന്നു. വൻ തുക നിക്ഷേപിച്ച സഹകരണ ബാങ്കുകളുടെ സ്ഥിരനിക്ഷേപം ഇപ്പോൾ പൂജ്യം.

തങ്ങളുടെ അറിവോ അനുമതിയോ കൂടാതെയാണ് സർക്കാർ പണമെടുത്തതെന്നും നിരവധി തവണ ആവശ്യപ്പെട്ടിട്ടും നിക്ഷേപം തിരികെ ലഭിച്ചില്ലെന്നും സഹകരണ ബാങ്ക് അധികൃതർ പറഞ്ഞു. പണം കിട്ടാതെ ഒരു വർഷമായി വലയുന്ന ബാങ്കുകളുമുണ്ട്. പണം ചോദിച്ചവരോട് വൈകാതെ തിരികെ നൽകുമെന്ന് ട്രഷറി അധികൃതർ പറഞ്ഞെങ്കിലും കിട്ടിയില്ല.

പുതുരുത്തി സർവീസ് സഹകരണ ബാങ്കിന് ലഭിക്കാനുള്ളത് ഏഴ് ലക്ഷമാണ്. സബ് ട്രഷറിയിൽ രണ്ടും ജില്ലാ ട്രഷറിയിൽ അഞ്ചും ലക്ഷമാണ് 2019ൽ എട്ടര ശതമാനം പലിശയ്ക്ക് സ്ഥിരനിക്ഷേപം നടത്തിയിരുന്നത്. സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമാണ്, നിക്ഷേപ സമാഹരണത്തിന്റെ ഭാഗമായി സഹകണ ബാങ്കുകൾ ട്രഷറിയിൽ പണം നിക്ഷേപിച്ചിത്.

പലിശ കൂടുതലുള്ളതിനാൽ പലരും കാലാവധിക്കു ശേഷം നിക്ഷേപം പുതുക്കിയിരുന്നു. പണം തിരികെ ചോദിച്ചപ്പോഴാണ് അക്കൗണ്ട് കാലിയായ വിവരം ബാങ്കധികൃതർ അറിഞ്ഞത്.

പുതിയ അക്കൗണ്ട് വേണം/വേണ്ട

പണം തിരികെ കിട്ടാൻ പുതിയ അക്കൗണ്ട് തുടങ്ങണമെന്നായിരുന്നു ട്രഷറി അധികൃതർ ആദ്യം പറഞ്ഞത്. പൂരിപ്പിച്ച ഫോറവുയമായി ചെന്നപ്പോൾ അക്കൗണ്ട് തുടങ്ങാൻ സർക്കാർ അനുമതിയില്ലെന്നായി. എന്ന് പണം തിരികെ കിട്ടുമെന്നതിന് കൃത്യമായ ഉത്തരവും ലഭിച്ചില്ല. ട്രഷറി കയറിയിറങ്ങി മടുത്ത പല സഹകരണ ബാങ്ക് ഭാരവാഹികളും ട്രഷറി ഓഫീസറുമായി ഇതേച്ചൊല്ലി വഴക്കുമുണ്ടായി.

പണം നിക്ഷേപിച്ച ബാങ്കുകൾക്ക് സർക്കാർ എത്രയും വേഗം പണം നൽകി പ്രശ്‌നം പരിഹരിക്കണം.

- എം.കെ. അബ്ദുൾസലാം, ചെയർമാൻ, സഹകരണ ജനാധിപത്യവേദി.

പണം തിരികെ ചോദിക്കുന്നവരുടെ ലിസ്റ്റ് അയക്കാനുള്ള നിർദ്ദേശപ്രകാരം പല ഘട്ടങ്ങളായി അയച്ചിട്ടുണ്ട്. സർക്കാർ പണമെടുത്ത കാലയളവിലെ പലിശയുൾപ്പെടെ തിരികെ നൽകും.

- എം. ശബരിദാസൻ, ജില്ല സഹകരണ ജോയിന്റ് രജിസ്ട്രാർ