'ജൂ ഏ" മകളുടെ പേര്, മറ്റാർക്കും പാടില്ലെന്ന് കിം

Friday 17 February 2023 4:51 AM IST

പ്യോഗ്യാംഗ്: തന്റെ മകളുടെ പേര് രാജ്യത്ത് മറ്റാർക്കും പാടില്ലെന്ന വിചിത്ര ഉത്തരവുമായി ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ. 'ജൂ ഏ" എന്ന പേരുളള പെൺകുട്ടികളും സ്ത്രീകളും ഉടൻ പേര് മാറ്റണമെന്നും ജനന സർട്ടിഫിക്ക​റ്റിലെ പേര് ഒരാഴ്ചയ്ക്കുള്ളിൽ തിരുത്തണമെന്നും കാട്ടി പ്രാദേശിക ഭരണകൂടങ്ങൾ നോട്ടീസ് നൽകിയതായി ഒരു അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. ഇതോടെ കിമ്മിന്റെ പിൻഗാമിയായി മകൾ ജൂ ഏ എത്തിയേക്കുമെന്ന അഭ്യൂഹം ശക്തമായി. ഏകദേശം 10 വയസാണ് ജൂവിന്റെ പ്രായം. ജൂവിനെ കൂടാതെ മറ്റൊരു മകളും മകനും കൂടി കിമ്മിനുണ്ടെന്നാണ് കരുതുന്നത്.

കഴിഞ്ഞ നവംബറിലാണ് ജൂ ആദ്യമായി കിമ്മിനൊപ്പം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. അടുത്തിടെ നടന്ന ആണവ മിസൈൽ പരേഡുകളിലടക്കം കിമ്മിനൊപ്പം ജൂവും എത്തിയിരുന്നു. ബാലിസ്റ്റിക് മിസൈൽ വിക്ഷേപണം പരിശോധിക്കാൻ കിം മകൾക്കൊപ്പമാണ് എത്തിയത്. കിം ജോംഗ് ഉൻ എന്ന പേരിന് രാജ്യത്ത് വിലക്കേർപ്പെടുത്തിയെന്ന് നേരത്തെ തന്നെ വാർത്തയുണ്ടായിരുന്നു. അതേസമയം, ജൂ ഏയുടെ ചിത്രമുള്ള സ്​റ്റാമ്പ് സീരീസ് രാജ്യത്ത് ഉടൻ പുറത്തിറക്കും.