ഗർഭിണികളിൽ അനീമിയ 31.4 ശതമാനം: മറികടക്കും വിവയിൽ

Thursday 16 February 2023 9:39 PM IST

കണ്ണൂർ: സംസ്ഥാനത്ത് ഗർഭിണികളിൽ 31.4 ശതമാന പേരും കൗമാരക്കാരിൽ 32.5 ശതമാനം പേരും അനീമിയ അവസ്ഥയിലൂടെ കടന്നു പോകുന്നുവെന്ന് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തൽ.ആദിവാസി തീരദേശ പ്രദേശങ്ങളിലുള്ളവരിലാണ് ഇത് കൂടുതൽ കണ്ടെത്തിയിട്ടുള്ളത്.അഞ്ച് വയസ്സിനു താഴെയുള്ളവരിൽ 39.4 ശതമാനം പേർക്കും അനീമിയ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.

ദേശീയ കുടുംബാരോഗ്യ സർവ്വേ അനുസരിച്ച് ഇന്ത്യയിൽ അനീമിയയുടെ തോത് 40 ശതമാനത്തിൽ താഴെയുള്ള ഏക സംസ്ഥാനമാണ് കേരളം.

ഇതിന്റെ തുടർച്ചയായി വിളർച്ച മുക്ത കേരളത്തിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച വിവ (വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക് )കേരളം കാമ്പയിന് കൂടി തുടക്കം കുറിക്കാനൊരുങ്ങുകയാണ് സർക്കാർ. പതിനഞ്ചു മുതൽ 59 വരെയുള്ള പെൺകുട്ടികളിലും സ്ത്രീകളിലും അനീമിയ കണ്ടെത്തുകയും ആവശ്യമായവർക്ക് ചികിത്സ ഉറപ്പാക്കുകയുമാണ് ലക്ഷ്യം.എല്ലാ പഞ്ചായത്ത്തലത്തിലും വാർഡിതലത്തിലും ഇതിന്റെ ഭാഗമായി ക്യാമ്പുകൾ സംഘടിപ്പിക്കും.സ്വകാര്യ ലാബുകളിൽ നിന്ന് നടത്തുന്ന പരിശോധന റിപ്പോർട്ടുകൾ ശേഖരിക്കുകയും ചെയ്യും.ട്രൈബൽ മേഖലയിലും തീരദേശ മേഖലകളിലുമുള്ള പതിനഞ്ചിനും 59 നും ഇടയിൽ പ്രായമുള്ളവരെയായിരിക്കും ക്യാമ്പയിനിൽ ആദ്യം ഉൾപ്പെടുത്തുക. പരിശോധനയ്ക്കും ചികിത്സയ്ക്കും പുറമെ ബോധവൽക്കരണവും പദ്ധതിയിലൂടെ നൽകും.

.കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂർ തലശ്ശേരി മുനിസ്സിപ്പൽ ടൗൺ ഹാളിൽ നിർവ്വഹിക്കും.

ആരോഗ്യ പ്രശ്നങ്ങൾ പലവിധം

ഗർഭിണികളിൽ പ്രസവ സമയത്ത് അമിത രക്തസ്രാവം ,കുഞ്ഞുങ്ങളിൽ തൂക്കകുറവ്,പ്രസവ സമയത്ത് അമ്മയുടെയും കുഞ്ഞിന്റെയും ജീവന് ഭീഷണി എന്നിവ അനീമിയ കൊണ്ടുണ്ടാകാം.മുതിർന്നവരിൽ ക്രമം തെറ്റിയുള്ള ആ‌ർത്തവം,ക്ഷീണം ,കിതപ്പ്,ജോലി ചെയ്യുവാൻ ബുദ്ധിമുട്ട് തുടങ്ങിയവയും കൗമാരക്കാരിൽ ക്ഷീണം,തള‌ർച്ച,തലവേദന എന്നിവയുമുണ്ടാകാം.കുട്ടികളിൽ വളർച്ച മുരടിപ്പ് ,കായിക ശേഷി കുറവ്,രോഗ പ്രതിരോധശേഷി കുറവ് എന്നിവയും കാണപ്പെടാം.

അനീമിയ

രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് നിശ്ചിത അനുപാതത്തിൽ നിന്നും കുറയുമ്പോഴുണ്ടാകുന്ന അവസ്ഥയാണ് അനീമിയ.നാഷണൽ ഹെൽത്ത് സർവ്വെ അഞ്ച് പ്രകാരം പതിനഞ്ചിനും 59 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിലും കുട്ടികളിലും പത്തിൽ നാലിൽ കൂടുതൽ പേർക്ക് അനീമിയ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.

പരിഹരിക്കാൻ

1.രക്തകുറവ് പരിഹരിക്കുന്നതിനായി അയൺ സമ്പുഷ്ടമായ ഭക്ഷണം

2.അങ്കണവാടികളിലും സ്കൂളുകളിലും അയൺ ഗുളികകൾ നൽകും.

3.വിരശല്യം ഒഴിവാക്കൽ