താമസസൗകര്യമില്ലാത്തത് തിരിച്ചടി: മനസ് നിറച്ച് അഴീത്തല കാഴ്ച,​ജല യാത്രയൊരുക്കി കോട്ടപ്പുറം

Thursday 16 February 2023 9:58 PM IST

നീലേശ്വരം : കടലും പുഴയും കായലുമായി കൺനിറയെ കാഴ്ചകളുമായി നിൽക്കുന്ന നീലേശ്വരം അഴിത്തല,​ കോട്ടപ്പുറം പ്രദേശങ്ങളിൽ താമസസൗകര്യമില്ലാത്തത് സഞ്ചാരികളെ മടുപ്പിക്കുന്നു. പ്രധാന ടൂറിസം സ്പോട്ടാകാനുള്ള സാദ്ധ്യതയെ തീർത്തും ഇല്ലാതാക്കുന്ന തരത്തിലേക്കാണ് സഞ്ചാരികൾക്ക് തങ്ങാനുള്ള സൗകര്യത്തിന്റെ അഭാവം എത്തിക്കുന്നത്.

തേജസ്വിനിയിലും കവ്വായികായലിലുമായി മണിക്കൂറുകൾ നീളുന്ന സവാരിക്കുള്ള അവസരമാണ് കോട്ടപ്പുറത്തുള്ളത്. തൊട്ടടുത്ത് തന്നെ അഴിത്തലയിലെ അതിമനോഹരമായ കടൽകാഴ്ചയും.തീർത്തും പ്രകൃതിദത്തമായ കാഴ്ച ആസ്വദിക്കാൻ വിദേശ,​ ആഭ്യന്തര സഞ്ചാരികൾ എത്തിത്തുടങ്ങിട്ടുണ്ടെങ്കിലും സൗകര്യങ്ങൾ ഒരുക്കാത്തത് വലിയ തിരിച്ചടിയാകുകയാണ്. നിലവിൽ സഞ്ചാരികൾക്ക് താമസിക്കാൻ ആവശ്യമായ സൗകര്യം നീലേശ്വരം നഗരത്തിലില്ല. ദേശീയപാതയോരത്തുള്ള സ്വകാര്യറിസോർട്ട് മാത്രമാണ് ആകെ ആശ്രയം.

കർണാടക, തമിഴ്നാട്, ആന്ധ്രാ പ്രദേശ്, തെലുങ്കാന, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നും ദിനംപ്രതി നിരവധി സഞ്ചാരികൾ കോട്ടപ്പുറത്ത് എത്തുന്നുണ്ട്. അറബിക്കടലിന്റെ സൗന്ദര്യം ആസ്വദിക്കാൻ അഴിത്തലയിലെത്തുന്നവരുടെ എണ്ണത്തിലും മുൻവർഷത്തെ അപേക്ഷിച്ച് വർദ്ധനവുണ്ട് . തേജസ്വിനി അറബിക്കടലിൽ ചേരുന്ന ഭാഗമാണ് അഴിത്തല. കടലിനോട് ചേർന്നുവളരുന്ന കാറ്റാടി മരങ്ങളുടെ കൂട്ടം ഇവിടത്തെ ആകർഷണീയമായ കാഴ്ചയാണ്. കണ്ടൽ കാടുകളുടെ സമൃദ്ധിയും ഈ തീരത്തെ മനോഹരമാക്കുന്നു. സിനിമ, സീരിയൽ ലൊക്കേഷനെന്ന നിലയിലും അഴിത്തല പ്രിയപ്പെട്ട കേന്ദ്രമായിത്തുടങ്ങിയിട്ടുണ്ട്.

കെട്ടുവള്ളങ്ങളുടെ സ്വന്തം കോട്ടപ്പുറം

ആലപ്പുഴ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കെട്ടുവള്ളങ്ങൾ സർവീസ് നടത്തുന്ന ഇടം കോട്ടപ്പുറമാണ്. രണ്ടിൽ തുടങ്ങി മുപ്പതിന് മുകളിൽ കെട്ടുവള്ളങ്ങളാണ് ഇവിടെ സഞ്ചാരികൾക്കായി ഒരുങ്ങി നിൽക്കുന്നത്. കണ്ണൂർ കാസർകോട് ജില്ലകളിൽ നിന്നുള്ള സംഘടനാ സമ്മേളനങ്ങൾ തൊട്ട് വിവാഹസത്കാരമടക്കം കെട്ടുവള്ളങ്ങളിൽ നടക്കുന്നുണ്ട്.കോട്ടപ്പുറത്ത് നിർമ്മിച്ച ബോട്ട് ടെർമ്മിനൽ തുറക്കുന്നതോടെ വള്ളങ്ങളുടെ എണ്ണം ഇനിയും കൂടും. ഈ വർഷം അവസാനത്തോടെ കെട്ടുവള്ളങ്ങളുടെ എണ്ണം അമ്പതാകുമെന്നാണ് സംരംഭകരിൽ നിന്നും ലഭിക്കുന്ന വിവരം,​

കോട്ടപ്പുറം മേഖലയിൽ സർവീസ് നടത്തുന്നതിനായി നിരവധി വള്ളങ്ങൾ പണിപ്പുരയിലാണ്. കോട്ടപ്പുറത്ത് നിന്ന് കവ്വായിക്കായലിലൂടെ ഏഴിമല വരെയും പറശ്ശിനികടവിലേക്കും തേജസ്വിനിയിലൂടെ കിഴക്കുഭാഗത്തേക്കും യാത്ര ചെയ്യാനുള്ള സൗകര്യമുണ്.മേയ് മാസത്തോടെ കോട്ടപ്പുറത്ത് നിന്നും ജലഗതാഗത വകുപ്പിന്റെ വേഗ ബോട്ടും സർവീസ് ആരംഭിക്കും.

ഗസ്റ്റ് ഹൗസ് ഒരുക്കണം

പരിഹാരം നീലേശ്വരത്ത് എത്തുന്ന വിനോദ സഞ്ചാരികൾ താമസിക്കുന്നതിനായി ഹോട്ടൽ,​ ഗസ്റ്റ് ഹൗസ്,​റസ്റ്റ് ഹൗസ് എന്നിവ ഒരുക്കാൻ കെ.ടി.ഡി.സി,​ പി.ഡബ്ല്യു.ഡി തുടങ്ങിയവ മുൻകൈയെടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ബോട്ട് ടെർമിനൽ ഉദ്ഘാടനത്തിനായി അടുത്ത ദിവസം കോട്ടപ്പുറത്ത് എത്തുന്ന മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രിയുടെയും ശ്രദ്ധയിലേക്ക് നീലേശ്വരം നഗരസഭ ഈ വിഷയം എത്തിക്കണമെന്നും ഇവർ ആവശ്യപ്പെട്ടുന്നു.

Advertisement
Advertisement